സെർജിയോ റാമോസ് ക്രിസ്റ്റ്യാനോയുടെ എതിരാളിയാകുന്നു!
റയൽ മാഡ്രിഡിൽ ഒരുപാട് കാലം ഒരുമിച്ച് കളിച്ച സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും.ഇരുവരും ചേർന്നുകൊണ്ട് ഒരുപാട് നേട്ടങ്ങൾ റയലിൽ വെച്ച് സ്വന്തമാക്കിയിട്ടുണ്ട്.2018ൽ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ ഈ കൂട്ടുകെട്ട് പിരിയുകയായിരുന്നു. നിലവിൽ റൊണാൾഡോ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടിയായിരുന്നു റാമോസ് കളിച്ചിരുന്നത്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയോടുകൂടി റാമോസ് ഫ്രീ ഏജന്റായിരുന്നു. താരവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ അദ്ദേഹത്തെ സ്വന്തമാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു ഫ്രഞ്ച് താരത്തെ അവർ പ്രതിരോധ നിരയിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു.
ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം റാമോസ് സൗദി അറേബ്യയിലേക്ക് തന്നെയാണ് വരുന്നത്. പക്ഷേ ക്രിസ്റ്റ്യാനോക്കൊപ്പമല്ല അദ്ദേഹം കളിക്കുക, മറിച്ച് ക്രിസ്റ്റ്യാനോയുടെ എതിരാളിയായി കൊണ്ടായിരിക്കും താരം ഉണ്ടാവുക. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഉറുബയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. പ്രമുഖ ജേണലിസ്റ്റായ സാഷ ടവോലേരിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സൗദി ലീഗിലേക്ക് പുതുതായി പ്രമോഷൻ നേടി കൊണ്ട് എത്തിയ ക്ലബ്ബാണ് അൽ ഉറുബ.ക്രിസ്റ്റൻ ടെല്ലോയെ അവർ സൈൻ ചെയ്യുകയും ചെയ്തിരുന്നു.ഏതായാലും ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ കൂടി വരേണ്ടതുണ്ട്. റയൽ മാഡ്രിഡിന് വേണ്ടി 671 മത്സരങ്ങൾ കളിച്ച റാമോസ് 101 ഗോളുകളും 40 അസിസ്റ്റുകളും നേടിയിട്ടുണ്ട്. നിരവധി കിരീടങ്ങൾ സ്വന്തമാക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.