സിദാൻ നിരസിച്ചത് 150 മില്യൺ യൂറോയുടെ ഭീമൻ ഓഫർ!
2020/21 സീസൺ അവസാനിച്ചതിനുശേഷം ആയിരുന്നു റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്നും സിനദിൻ സിദാൻ പടിയിറങ്ങിയത്. ഇപ്പോൾ രണ്ട് വർഷം പൂർത്തിയാവുകയാണ്. ഇതുവരെ അദ്ദേഹം മറ്റൊരു ടീമിന്റെ പരിശീലകനായി കൊണ്ട് ചുമതല ഏറ്റിട്ടില്ല. ഇപ്പോഴും ഫ്രീ ഏജന്റായി കൊണ്ട് തുടരുന്ന പരിശീലകനാണ് സിനദിൻ സിദാൻ.
റയൽ മാഡ്രിഡിന് ആകെ 11 കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് സിദാൻ.മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ തുടർച്ചയായി റയലിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. റയൽ വിട്ട ശേഷം അദ്ദേഹം പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത് ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനമായിരുന്നു. പക്ഷേ ദെഷാപ്സിന്റെ കോൺട്രാക്ട് ഫ്രാൻസ് പുതുക്കിയതോടുകൂടി ആ മോഹം അവസാനിക്കുകയായിരുന്നു. ഏതായാലും ഈ സീസണിന് ശേഷം സിദാൻ പരിശീലക സ്ഥാനത്തേക്ക് മടങ്ങി എത്തും എന്നുള്ള റൂമറുകൾ സജീവമാണ്.
Pas facile de convaincre notre ZZ national…https://t.co/2aBbvpjVis
— GOAL France 🇫🇷 (@GoalFrance) May 25, 2023
ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് ഈ പരിശീലകനെ എത്തിക്കാൻ താല്പര്യമുണ്ടായിരുന്നു.മാത്രമല്ല അവർ ഭീമാകാരമായ ഒരു ഓഫർ ഈ പരിശീലകന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. രണ്ടു വർഷത്തെ കോൺട്രാക്ടിന് 150 മില്യൺ യൂറോ ആയിരുന്നു ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഒരു പരിശീലകന് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണ് ഇത്. പക്ഷേ ഇത്രയും വലിയ ഒരു ഓഫർ സിദാൻ നിരസിച്ചു കളയുകയായിരുന്നു.
എന്തെന്നാൽ യൂറോപ്പ് വിടാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.ടോപ്പ് ഫൈവ് ലീഗുകളിലെ ഏതെങ്കിലും വലിയ ക്ലബ്ബിനെ പരിശീലിപ്പിക്കുക എന്നതാണ് സിദാന്റെ ലക്ഷ്യം.ചെൽസി,പിഎസ്ജി എന്നിവരുമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ഏതായാലും സിദാൻ ഏത് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നത് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.