സാഞ്ചസിനെയും സ്വന്തമാക്കണം, ട്രാൻസ്ഫർ മാർക്കറ്റിൽ സൗദി തരംഗം!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സൗദി അറേബ്യൻ ക്ലബ്ബുകൾ തന്നെയാണ്. യൂറോപ്പിലെ പ്രധാനപ്പെട്ട താരങ്ങളെ സൗദി ക്ലബ്ബുകൾ ഇപ്പോൾ റാഞ്ചി തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം തുടക്കം കുറിച്ചത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അദ്ദേഹത്തെ അൽ നസ്ർ സ്വന്തമാക്കിയത്.

ഇപ്പോഴിതാ ചിലിയൻ സൂപ്പർതാരമായ അലക്സിസ് സാഞ്ചസിനെയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ ഉള്ളത്.രണ്ട് സൗദി അറേബ്യൻ ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ആ ക്ലബ്ബുകളുടെ പേര് വ്യക്തമല്ല. എന്നാൽ 10 മില്യൺ യൂറോ എന്ന സാലറി താരത്തിന് ഈ ക്ലബ്ബുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഫൂട്ട്മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെക്ക് വേണ്ടിയാണ് ഈ ചിലിയൻ സൂപ്പർതാരം കളിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ്ബ് വിടാൻ താരം ആഗ്രഹിക്കുന്നില്ല. പക്ഷേ അടുത്ത സീസണിൽ ടീം കൂടുതൽ മികവ് പുലർത്തും എന്നുള്ള ഒരു ഗ്യാരണ്ടി അദ്ദേഹം മാഴ്സേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് കൂടുതൽ മികച്ച താരങ്ങളെയും മികച്ച പ്രോജക്റ്റുമാണ് ഈ താരത്തിന് ക്ലബ്ബിൽ ആവശ്യം. ഈ ഗ്യാരണ്ടി നൽകാൻ മാഴ്സേക്ക് സാധിച്ചിട്ടില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും.

അങ്ങനെയാണ് എന്നുണ്ടെങ്കിൽ സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് ഇവിടെ വലിയ സാധ്യത അവശേഷിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ,ബെൻസിമ,കാന്റെ എന്നിവർക്ക് പുറമേ തന്നെ നിരവധി പ്രധാനപ്പെട്ട താരങ്ങൾ സൗദിയിലേക്ക് എത്തുകയാണ്.സിയച്ച്,റൂബൻ നെവസ്,കൂലിബലി,മെന്റി എന്നിവരൊക്കെ അടുത്ത സീസണിൽ സൗദിയിലാണ് കളിക്കുക.മാഴ്സെലോ ബ്രോസോവിച്ചും സൗദിയിൽ എത്തുന്നതിന്റെ തൊട്ടരികിലാണ് ഇപ്പോൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *