ലീപ്സിഗ് അനൗൺസ് ചെയ്തു,എന്നിട്ടും അൽ നസ്ർ അനൗൺസ് ചെയ്യുന്നില്ല, സംഭവിച്ചത് എന്ത്?
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഡിഫൻസിന്റെ കാര്യത്തിൽ ഒരല്പം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നുള്ളത് നേരത്തെ വ്യക്തമായതാണ്. അൽ ഹിലാലിനെതിരെയുള്ള സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിൽ 4 ഗോളുകളായിരുന്നു അവർ വഴങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധം ശക്തിപ്പെടുത്തൽ അൽ നസ്റിന് അനിവാര്യമായി വരികയായിരുന്നു. തുടർന്ന് ഫ്രഞ്ച് സൂപ്പർ താരമായ മുഹമ്മദ് സിമാക്കാനെ അവർ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ആർബി ലീപ്സിഗിൽ നിന്നാണ് ഈ ഫ്രഞ്ച് ഡിഫൻഡർ റൊണാൾഡോയുടെ ക്ലബ്ബിലേക്ക് എത്തുന്നത്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ താരം അഞ്ചു വർഷത്തെ കരാറിലാണ് അൽ നസ്റുമായി ഒപ്പ് വെച്ചിട്ടുള്ളത്. താരം ക്ലബ്ബ് വിട്ട കാര്യം ലീപ്സിഗും ഇപ്പോൾ ഔദ്യോഗികമായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.വിദേശത്ത് ഒരു ക്ലബ്ബിലേക്ക് അദ്ദേഹം പോകുന്നു എന്നാണ് ഈ ജർമൻ ക്ലബ്ബ് അറിയിച്ചിട്ടുള്ളത്.
മൂന്ന് വർഷം കളിച്ചതിനുശേഷമാണ് സിമാക്കാൻ ലീപ്സിഗ് വിടുന്നത്. താരത്തിന്റെ സൈനിങ്ങ് ഇപ്പോൾ അൽ നസ്ർ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.എന്നാൽ അനൗൺസ്മെന്റ് ഇതുവരെ അവർ നടത്തിയില്ല.അതിന്റെ കാരണം എന്താണ് എന്നുള്ളത് മാധ്യമപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.
അതായത് താരത്തെ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു വിദേശ താരം ക്ലബ്ബ് വിടൽ നിർബന്ധമാണ്.ആരാണ് അൽ നസ്ർ വിടുക എന്നുള്ളത് വ്യക്തമല്ല. ഏതെങ്കിലും ഒരു വിദേശ താരം പോയതിനു ശേഷം മാത്രമാണ് ഇവർ ഈ ഒരു സൈനിംഗ് അനൗൺസ്മെന്റ് നടത്തുക. അതേസമയം ബ്രസീലിയൻ താരമായ വെസ്‌ലിയെ അവർ സൈൻ ചെയ്തിരുന്നു. അണ്ടർ 21 താരമായതിനാൽ ഈ ക്രൈറ്റീരിയ താരത്തിന്റെ കാര്യത്തിൽ ബാധകമല്ല. ഏതായാലും ക്ലബ്ബിനകത്തെ ഒരു വിദേശ താരം ഉടൻതന്നെ അൽ നസ്ർ വിടും എന്നുള്ളത് ഇതോടെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.