ലിവർപൂൾ ക്യാപ്റ്റനെയും മുൻ താരത്തെയും തന്റെ സൗദി ക്ലബ്ബിലെത്തിക്കാൻ ജെറാർഡ്!

ദിവസങ്ങൾക്കു മുന്നേയായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാഖിന്റെ പരിശീലകനായി കൊണ്ട് ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ചുമതലയേറ്റത്.റേഞ്ചേഴ്സ്,ആസ്റ്റൻ വില്ല തുടങ്ങിയ യൂറോപ്പ്യൻ ക്ലബ്ബുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബുകളാണ് ഫുട്ബോൾ ലോകത്തെ ട്രെൻഡിങ് ആയി കൊണ്ട് നിലകൊള്ളുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് ജെറാർഡ് അൽ ഇത്തിഫാഖിൽ എത്തിയിട്ടുള്ളത്.

ഏതായാലും തന്റെ ക്ലബ്ബിലേക്ക് യൂറോപ്പിൽ നിന്നും കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാൻ ഇപ്പോൾ ജെറാർഡ് ഉദ്ദേശിക്കുന്നുണ്ട്. ലിവർപൂളിന്റെ നായകനായ ജോർദാൻ ഹെന്റെഴ്സണെ സ്വന്തമാക്കാൻ ഇപ്പോൾ ജെറാർഡിന് താല്പര്യമുണ്ട്. 2025 വരെയാണ് ഈ താരത്തിന് ലിവർപൂളുമായി കോൺട്രാക്ട് ഉള്ളത്. മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കൈവിടാൻ ഇപ്പോൾ ലിവർപൂൾ തയ്യാറാണ്. കഴിഞ്ഞ സീസണൽ ക്ലബ്ബിന് വേണ്ടി ആകെ 43 മത്സരങ്ങൾ ഈ മിഡ്‌ഫീൽഡർ കളിച്ചിട്ടുണ്ട്.

2011 മുതൽ ലിവർപൂളിന്റെ താരമായ ഹെന്റെഴ്സൺ ക്ലബ്ബ് വിടാൻ തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ലിവർപൂളിന്റെ നായകന് പുറമേ മുൻ ലിവർപൂൾ താരമായ ഡിവോക്ക് ഒറിഗിയെ സ്വന്തമാക്കാനും ഇപ്പോൾ ജെറാർഡിന് താല്പര്യമുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രീ ഏജന്റായി കൊണ്ട് ഒറിഗി AC മിലാനിൽ എത്തിയത്. എന്നാൽ 36 മത്സരങ്ങളിൽ നിന്ന് കേവലം രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ താരം നേടിയിട്ടുള്ളത്.

2026 വരെ കോൺട്രാക്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ മോശം പ്രകടനം കാരണം അദ്ദേഹത്തെ കൈവിടാൻ ഇപ്പോൾ AC മിലാൻ ഒരുക്കമാണ്. ഏതായാലും ഈ രണ്ടു താരങ്ങൾക്ക് വേണ്ടി സ്റ്റീവൻ ജെറാർഡ് ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇവർക്ക് ഓഫറുകൾ നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ അൽ ഇത്തിഫാക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *