ലഭിക്കുക കാറും വീടും പണവും, ഏതൊരാൾക്കും സൗദിയിൽ കളിക്കാം!
ഇന്ന് ഫുട്ബോൾ ലോകം ആകാംക്ഷയോടുകൂടി ഉറ്റു നോക്കുന്ന ലീഗുകളിൽ ഒന്നായി മാറാൻ സൗദി അറേബ്യൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി സ്വന്തമാക്കിയതോടുകൂടിയാണ് ലോകത്തിന്റെ ശ്രദ്ധ സൗദി ഫുട്ബോളിലേക്ക് തിരിഞ്ഞത്. ഇതിന് പിന്നാലെ നിരവധി സൂപ്പർ താരങ്ങളെ അവർ കൊണ്ടുവന്നു.നെയ്മർ ജൂനിയർ,ബെൻസിമ,സാഡിയോ മാനെ തുടങ്ങിയ പല പ്രധാനപ്പെട്ട താരങ്ങളും ഇന്ന് സൗദി അറേബ്യയിലാണ് കളിക്കുന്നത്.
എന്നാൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയരാൻ തന്നെയാണ് സൗദി ലക്ഷ്യം വെക്കുന്നത്.ഫൗണ്ടേഷൻ ശക്തിപ്പെടുത്താൻ അവർ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൊണ്ട് സൗദിയിലെ ഫോർത്ത് ഡിവിഷനിലേക്ക് യൂറോപ്പിൽ നിന്നും കൂടുതൽ താരങ്ങളെ എത്തിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.സെമി പ്രൊഫഷണൽ താരങ്ങളെയാണ് അവർ ലക്ഷ്യം വെക്കുന്നത്. യൂറോപ്പിൽ കളിക്കുന്ന ഏത് താരത്തിന് വേണമെങ്കിലും ഇതിന്റെ ഭാഗമാവാം.
ഫുട്ബോൾ ജോബ്സ് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഇതിന് അപ്ലൈ ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് വീടും കാറും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.ഇതിനുപുറമേ ആകർഷകമായ സാലറിയും ലഭിക്കും.പക്ഷേ ഒരു വർഷത്തേക്ക് മാത്രമായിരിക്കും ഈ താരങ്ങൾക്ക് കോൺട്രാക്ട് ലഭിക്കുക. 30 വയസ്സിന് മുകളിലുള്ള താരങ്ങൾക്ക് ഇതിൽ അപ്ലൈ ചെയ്യാൻ സാധിക്കില്ല. യുവതാരങ്ങളെ മാത്രമാണ് യൂറോപ്പിൽ നിന്നും സൗദിക്ക് ആവശ്യമുള്ളത്.
ക്രിമിനൽ ബാഗ്രൗണ്ട് ഉണ്ടാവാൻ പാടില്ല. ആകെ വേണ്ടത് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും തങ്ങളുടെ പ്രകടന മികവ് വെളിപ്പെടുത്തുന്ന ഒരു ഹൈലൈറ്റ് വീഡിയോയുമാണ്.ഇതുണ്ടെങ്കിൽ യൂറോപ്പിലെ ഏത് താരത്തിനും സൗദി അറേബ്യയിലെ ഫോർത്ത് ഡിവിഷനിൽ കളിക്കാൻ വേണ്ടി അപ്ലൈ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് പ്ലെയിൻ ടിക്കറ്റും വിസയുമൊക്കെ സൗദി തന്നെ നൽകും.ഫോർത്ത് ഡിവിഷനിലാണ് അവർ കളിക്കുക. യൂറോപ്പിലെ കൂടുതൽ പ്രതിഭകളെ കരിയറിന്റെ തുടക്കകാലത്ത് തന്നെ സൗദിയിലേക്ക് കൊണ്ടുവന്ന് സൗദി ഫുട്ബോൾ പരിപോഷിപ്പിക്കാനാണ് അവർ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.