റഫറിയോട് കലിപ്പിലായി ക്രിസ്റ്റ്യാനോ,റഫറിയെ പ്രശംസിച്ച് അൽ നസ്ർ കോച്ച്.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ നസ്ർ അൽ അഹ്ലിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയിരുന്നു. മറ്റൊരു സൂപ്പർ താരമായ ടാലിസ്ക്ക രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിരുന്നു.
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം ഊർജ്ജസ്വലനായിരുന്നു.എന്നാൽ അറുപതാം മിനിറ്റിൽ റഫറി എടുത്ത ഒരു തീരുമാനം റൊണാൾഡോക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം റഫറിയുടെ അടുത്തേക്ക് ഓടി വരികയും വളരെയധികം ദേഷ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ റഫറി തന്റെ തീരുമാനം മാറ്റിയിരുന്നില്ല.ക്രിസ്റ്റ്യാനോ റഫറിയോട് ദേഷ്യം പ്രകടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
ബ്രസീലിയൻ റഫറിയായ ആൻഡേഴ്സൺ ഡറോങ്കോയാണ് ഇന്നലത്തെ മത്സരം നിയന്ത്രിച്ചിരുന്നത്. അദ്ദേഹം സൗദി ലീഗിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു ആഴ്ച മാത്രമേ പിന്നിട്ടിട്ടുള്ളൂ. അതേസമയം ബ്രസീലിലെ പ്രധാനപ്പെട്ട റഫറിമാരിൽ ഒരാൾ കൂടിയാണ് ആൻഡേഴ്സൺ. എന്നാൽ അൽ നസ്റിന്റെ പരിശീലകനായ ലൂയിസ് കാസ്ട്രോക്ക് റഫറിയോട് എതിർപ്പുകൾ ഒന്നുമില്ല.റഫറിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo is angry with the ref.
— CristianoXtra (@CristianoXtra_) September 22, 2023
pic.twitter.com/zjabibzhFK
” രണ്ട് ടീമുകൾക്കും മത്സരം ബുദ്ധിമുട്ട് ആയതുപോലെ റഫറിക്കും മത്സരം ബുദ്ധിമുട്ടുള്ളതായിരുന്നു.രണ്ട് ടീമുകളും അദ്ദേഹത്തോട് പ്രതിഷേധം നടത്തിയപ്പോഴും അദ്ദേഹം വളരെ ശാന്തനായി കൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്തു.മത്സരശേഷം ഞാൻ എല്ലാവിധ ആശംസകളും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ബ്രസീലിയനാണ്. ഞാൻ അവിടെ വർക്ക് ചെയ്തിട്ടുണ്ട്. എപ്പോഴും റഫറിമാരെ ബഹുമാനിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ” ഇതാണ് പോർച്ചുഗീസ് പരിശീലകനായ കാസ്ട്രോ പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ക്ലബ്ബിനായി പുറത്തെടുക്കുന്നത്. ലീഗിൽ ആകെ 6 മത്സരങ്ങൾ കളിച്ച 9 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ടോപ്പ് സ്കോററായി നിലകൊള്ളുന്നത് റൊണാൾഡോ തന്നെയാണ്.