രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് വരുന്നുണ്ട്: നെയ്മർ ജോക്കോവിച്ചിനോട് പറഞ്ഞത് ഉദ്ദേശിക്കുന്നത് എന്ത്?
ഒരു വലിയ ഇടവേളക്ക് ശേഷം ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങി വന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം അൽ ഹിലാലിനു വേണ്ടി കളിച്ചിരുന്നു. ഒരു വർഷത്തിനു മുകളിലായി നെയ്മർ പരിക്കുകാരണം കളിക്കളത്തിന് പുറത്തായിരുന്നു. നെയ്മറുടെ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തിന് ഒന്നടങ്കം വളരെയധികം സന്തോഷം നൽകിയ കാര്യമായിരുന്നു.
കഴിഞ്ഞ ദിവസം ടെന്നീസ് ഇതിഹാസമായ ജോക്കോവിച്ച് അൽ ഹിലാൽ ക്ലബ്ബ് സന്ദർശിച്ചിരുന്നു. നെയ്മർക്കൊപ്പം ഒരു അഭിമുഖത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. നെയ്മർക്ക് കരിയറിൽ എത്ര ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉണ്ട് എന്ന് ജോക്കോവിച്ചിനോട് ചോദിക്കുന്നുണ്ട്. രണ്ട് കിരീടങ്ങൾ എന്ന മറുപടിയാണ് ജോക്കോ നൽകുന്നത്. എന്നാൽ അത് തിരുത്തപ്പെടുന്നുണ്ട്. നെയ്മർ ഒരു ചാമ്പ്യൻസ് ലീഗ് കിരീടമാണ് കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്.
നെയ്മർക്ക് ഒരു ചാമ്പ്യൻസ് ലീഗ് മാത്രമേ ഉള്ളൂ എന്നത് ജോക്കോയെ ഒരല്പം ഷോക്കാക്കിയിട്ടുണ്ട്. അതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ സമയത്ത് നെയ്മർ അദ്ദേഹത്തോട് പറയുന്ന ഒരു കാര്യമുണ്ട്. ഒരു ചാമ്പ്യൻസ് ലീഗ് മാത്രമേ ഉള്ളൂ, രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് വരുന്നുണ്ട് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ആരാധകർ പല രൂപത്തിലും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. നെയ്മർ അധികം വൈകാതെ തന്നെ യൂറോപ്പിലേക്ക് മടങ്ങിയെത്തും എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. എന്നാൽ നെയ്മർ ഒരുപക്ഷേ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ആയിരിക്കാം ഉദ്ദേശിച്ചത് എന്നും വ്യാഖ്യാനിക്കുന്നവർ ഉണ്ട്. ഏതായാലും നെയ്മർ യൂറോപ്പിലേക്ക് മടങ്ങിവരുകയാണെങ്കിൽ അത് ആരാധകർ ഏറെ സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഇനിയും ഒരുപാട് കാലം യൂറോപ്പിൽ കളിക്കാനുള്ള ബാല്യം നെയ്മർക്കുണ്ട്. വരുന്ന സമ്മറിൽ അൽ ഹിലാലുമായുള്ള കോൺട്രാക്ട് പുതുക്കാൻ നെയ്മർ ഉദ്ദേശിക്കുന്നില്ലങ്കിൽ അദ്ദേഹത്തെ യൂറോപ്പിൽ കാണാനുള്ള സാധ്യതകൾ ഏറെയാണ്.