യൂറോപ്യൻ ടീമുകളോട് പോരാടാനാണ് ഞങ്ങൾ ഇവിടെ ഉള്ളത് : ബെൻസിമ
നിലവിൽ നിരവധി സൂപ്പർ താരങ്ങളാണ് സൗദി അറേബ്യൻ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ,ബെൻസിമ എന്നിവരൊക്കെ ലീഗിലേക്ക് വന്നതോടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ സൗദി അറേബ്യയിലേക്കും തിരിഞ്ഞിട്ടുണ്ട്. ഇപ്പോഴും കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.അർജന്റൈൻ യുവ പ്രതിഭയായ ഇക്വി ഫെർണാണ്ടസിനെ പോലും സ്വന്തമാക്കാൻ സൗദിക്ക് സാധിച്ചിരുന്നു.
ഇത്തവണത്തെ പ്രീ സീസണിൽ സൗദി ക്ലബ്ബായ അൽ ഇത്തിഹാദും ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇത്തിഹാദ് മത്സരത്തിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തിയത്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ ഇത്തിഹാദിന്റെ സൂപ്പർതാരമായ ബെൻസിമ പറഞ്ഞിട്ടുണ്ട്. യൂറോപ്പ്യൻ ടീമുകളോട് പോരാടാനാണ് സൗദി ക്ലബ്ബുകൾ ഇവിടെയുള്ളത് എന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
“സൗദി ലീഗ് യൂറോപ്പ്യൻ ലെവലിൽ ഉള്ള ഒരു ലീഗാണ്. യൂറോപ്യൻ ടീമുകളോട് പോരാടാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ ഉള്ളത്.യൂറോപ്പിലെ ഏറ്റവും മികച്ച 10 ക്ലബ്ബുകളിൽ ഒന്നാണ് ഇന്റർ മിലാൻ.അവരെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു.അത് അതിന്റെ ഉദാഹരണമാണ്.ഒരുപാട് സൂപ്പർതാരങ്ങൾ ഇങ്ങോട്ട് വന്നു. ലീഗ് വളരെയധികം ഉയർന്ന ലെവലിലാണ് ഉള്ളത് എന്നതിന്റെ തെളിവാണ് അത്. ഇനിയും ഒരുപാട് പേർ ഇങ്ങോട്ട് വരും “ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ബെൻസിമക്ക് കഴിഞ്ഞിട്ടുണ്ട്. 9 ഗോളുകളും 7 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലീഗിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ഇത്തിഹാദിന് സാധിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ എതിരാളികൾ അൽ താവൂനാണ്.