യൂറോപ്പിലെ മറ്റൊരു ഗോളടി വീരൻ കൂടി സൗദിയിലേക്ക്, ആകർഷകമായ ഓഫറിനോട് യെസ് പറഞ്ഞു!

സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ഇന്ന് സൗദി അറേബ്യൻ ലീഗ്. യൂറോപ്പിലെ ഒരുപിടി സൂപ്പർ താരങ്ങളെ ചുരുങ്ങിയ കാലയളവുകൊണ്ട് സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകം ശ്രദ്ധിക്കപ്പെടുന്ന ലീഗായി മാറിയിട്ടുണ്ട് ഇപ്പോൾ സൗദി ലീഗ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് എന്ന് പറഞ്ഞാൽ നമുക്ക് നിഷേധിക്കാനാവില്ല.

ഇപ്പോഴിതാ യൂറോപ്പിൽ നിന്നും മറ്റൊരു സൂപ്പർ താരം കൂടി സൗദിയിലേക്ക് എത്തുകയാണ്. മറ്റാരുമല്ല ബെൽജിയൻ സൂപ്പർ സ്ട്രൈക്കറായ റൊമേലു ലുക്കാകുവാണ് സൗദിയിലേക്ക് വരാൻ തീരുമാനിച്ചിട്ടുള്ളത്. ഇറ്റാലിയൻ ജേണലിസ്റ്റായ ഫാബിയോ സാന്റിനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

യഥാർത്ഥത്തിൽ ചെൽസിയുടെ താരമാണ് ലുക്കാകു.കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ ലോണിൽ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.പക്ഷെ ലുക്കാക്കു കരാർ പുതുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് ഈ സീസണിൽ അദ്ദേഹം മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ റോമയിലേക്ക് എത്തുകയായിരുന്നു.റോമക്ക് വേണ്ടി ആകെ കളിച്ച 18 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ഈ സ്ട്രൈക്കർ സ്വന്തമാക്കിയിട്ടുണ്ട്.പക്ഷേ അദ്ദേഹം റോമയിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല. ഈ സീസൺ അവസാനിച്ചതിനുശേഷം ക്ലബ്ബ് വിടാനാണ് ലുക്കാക്കുവിന്റെ തീരുമാനം.

സൗദി അറേബ്യയിലെ ഒരു ക്ലബ്ബിൽ നിന്നും ആകർഷകമായ ഓഫർ ഈ താരത്തിന് ലഭിച്ചിട്ടുണ്ട്.ആ ഓഫറിനോട് അദ്ദേഹം യെസ് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ സീസൺ അവസാനിച്ചതിനുശേഷം മാത്രമാണ് അദ്ദേഹം സൗദിയിലേക്ക് എത്തുക.ഇതാണ് ഇറ്റാലിയൻ ജേണലിസ്റ്റ് സ്ഥിരീകരിച്ചിട്ടുള്ളത്.ഏത് സൗദി ക്ലബ്ബിലേക്കാണ് താരം ചേക്കേറുന്നത് എന്നത് വ്യക്തമല്ല. താരത്തിന് വേണ്ടി വലിയ ഒരു തുക ചെൽസിക്ക് നൽകേണ്ടിവന്നേക്കും. ഏതായാലും ലുക്കാക്കുവിന്റെ സാന്നിധ്യവും സൗദി അറേബ്യൻ ലീഗിനെ കൂടുതൽ ആകർഷകമാക്കും.

Leave a Reply

Your email address will not be published. Required fields are marked *