മെസ്സി ചാന്റിനെതിരെയുള്ള അശ്ലീല ആംഗ്യം, ആരാധകരുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ ക്ഷമ കാണിക്കണമെന്ന് ഗയാമ!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് അൽ ശബാബിനെ അവർ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ബ്രസീലിയൻ താരം ടാലിസ്ക്കയാണ് അൽ നസ്റിനെ രക്ഷിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഒരു പെനാൽറ്റി ഗോൾ കരസ്ഥമാക്കിയിരുന്നു. മത്സരത്തിന്റെ 86ആം മിനിട്ടിലാണ് ടാലിസ്ക്ക അൽ നസ്റിന്റെ വിജയഗോൾ നേടിയത്.

അൽ ഷബാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്ത് കൊണ്ട് ആരാധകർ പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി റൊണാൾഡോ അശ്ലീല ആംഗ്യം ആരാധകർക്ക് നേരെ കാണിച്ചത് വലിയ വിവാദമായിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കണം എന്നുള്ള ആവശ്യം വളരെ ശക്തമാണ്.

ഇതിനിടെ സൗദി അറേബ്യയിലെ ഫുട്ബോൾ നിരീക്ഷകനായ അബ്ദുൽ അസീസ് അൽ ഗയാമ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. അതായത് ആരാധകരുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നുകൂടി ക്ഷമ കാണിക്കണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.ഗയാമയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഓരോ മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ വേട്ടയാടുന്ന,അതല്ലെങ്കിൽ പ്രകോപിപ്പിക്കുന്ന ആരാധകരെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.എന്നാൽ ഈ സമയത്ത് റൊണാൾഡോ ചെയ്യേണ്ട കാര്യം എന്തെന്നാൽ ക്ഷമ പാലിക്കുക എന്നതാണ്.ആരാധകരെ ഡീൽ ചെയ്യുന്ന കാര്യത്തിൽ ക്ഷമ കാണിക്കേണ്ടതുണ്ട്. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയിലെ നമ്പർ വൺ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. അത് അദ്ദേഹം തിരിച്ചറിയണം ” ഇതാണ് ഗയാമ പറഞ്ഞിട്ടുള്ളത്.

നേരത്തെ അൽ ഹിലാലിന്റെ ആരാധകരായിരുന്നു റൊണാൾഡോയെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചിരുന്നത്. എന്നാൽ മറ്റു ടീമുകളുടെ ആരാധകർ കൂടി ഇപ്പോൾ റൊണാൾഡോയെ മെസ്സി ചാന്റ് ഉപയോഗിച്ചുകൊണ്ട് പ്രകോപിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.ഇങ്ങനെയൊക്കെയാണെങ്കിലും തകർപ്പൻ പ്രകടനമാണ് റൊണാൾഡോ സൗദി അറേബ്യൻ ലീഗിൽ പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *