മകനോടൊപ്പം കളിക്കുന്നത് കാണാൻ കഴിയുമോ? മറുപടിയുമായി ക്രിസ്റ്റ്യാനോ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്ത ഫെബ്രുവരി മാസത്തിൽ 40 വയസ്സ് പൂർത്തിയാകും.പക്ഷേ ഇപ്പോഴും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.ഈ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പോളണ്ടിനെതിരെ കളിച്ച മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു സ്വന്തമാക്കിയിരുന്നത്.
ക്രിസ്റ്റ്യാനോയുടെ മകനായ ജൂനിയർ നിലവിൽ അൽ നസ്റിന്റെ അക്കാദമി താരമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് അൽ നസ്റിന് വേണ്ടി കളിക്കുന്നത് കാണാനുള്ള ഭാഗ്യം ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. ബാസ്ക്കറ്റ്ബോൾ ഇതിഹാസമായ ലെബ്രോൺ ജയിംസും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് കളിച്ചുകൊണ്ട് ചരിത്രം കുറിച്ചിരുന്നു. അത്തരത്തിലുള്ള ഒരു ചരിത്രം ഫുട്ബോളിലും കാണാൻ കഴിയുമോ എന്ന് മിസ്റ്റർ ബീസ്റ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചോദിച്ചിരുന്നു.ആ സാധ്യതകളെ പൂർണമായും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല.ക്രിസ്റ്റ്യാനോയും ബീസ്റ്റും തമ്മിലുള്ള സംഭാഷണം ഇപ്രകാരമാണ്.
ലെബ്രോൺ ജെയിംസ് ചെയ്തതുപോലെയുള്ള ഒന്ന് നമുക്ക് ഫുട്ബോൾ ലോകത്ത് കാണാൻ കഴിയുമോ എന്നാണ് ബീസ്റ്റ് ചോദിച്ചത്.
ചിലപ്പോൾ അത് നടന്നേക്കാം,നമുക്ക് നോക്കാം, അവന് ഇപ്പോൾ 14 വയസ്സാണ് എന്നാണ് റൊണാൾഡോ മറുപടി നൽകിയത്.
ഒരുപക്ഷേ അവന് പതിനേഴാം വയസ്സിൽ അരങ്ങേറാൻ സാധിക്കും. അപ്പോൾ നിങ്ങൾ ഒരു മൂന്ന് വർഷം കൂടി കളിക്കേണ്ടി വരും എന്നാണ് ബീസ്റ്റ് പിന്നീട് പറഞ്ഞിട്ടുള്ളത്.
നമുക്ക് നോക്കാം, എന്റെ കാലുകൾ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം എന്ന് മറുപടിയാണ് റൊണാൾഡോ നൽകിയിട്ടുള്ളത്.
അതായത് നിലവിലെ ഒരു ഫോം നിലനിർത്തി കൊണ്ടു പോവുക എന്ന ലക്ഷ്യമാണ് റൊണാൾഡോയുടെ മുന്നിലുള്ളത്.അൽ നസ്റിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തണമെങ്കിൽ ക്രിസ്റ്റ്യാനോ ജൂനിയർ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.