ബെൻസിമക്ക് പരിക്ക്, വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന ഇത്തിഹാദിന് ആശങ്ക!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ ഇത്തിഹാദിന് സാധിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഖലീജിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ബെൻസിമ ഒരു ഗോൾ നേടിയിരുന്നു. എന്നാൽ ആദ്യപകുതിയിൽ തന്നെ അദ്ദേഹത്തിന് പരിക്കു മൂലം കളിക്കളത്തിൽ നിന്നും പിൻവാങ്ങേണ്ടി വരികയായിരുന്നു.

കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ പരിക്കിന്റെ ആഴം വ്യക്തമാവുകയുള്ളൂ എന്ന് പരിശീലകനായ മാഴ്സലോ ഗല്ലാർഡോ മത്സര ശേഷം പറഞ്ഞിട്ടുണ്ട്.എന്നാൽ പരിക്ക് ഗുരുതരമാവില്ല എന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ അർജന്റൈൻ കോച്ച് അറിയിച്ചിട്ടുണ്ട്. പക്ഷേ താരത്തിന്റെ പരിക്ക് ഇത്തിഹാദിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.കാരണം അവർ ക്ലബ്ബ് വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ്.

ഡിസംബർ പന്ത്രണ്ടാം തീയതി മുതൽ വെച്ചുകൊണ്ടാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഇത്തവണ നടക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി,കോപ ലിബർട്ടഡോറസ് കിരീടം നേടിയ ഫ്ലൂമിനൻസ് എന്നിവർ ക്ലബ്ബ് വേൾഡ് കപ്പിന്റെ സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം അൽ ഇതിഹാദ് ഉൾപ്പെടെയുള്ളവർ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ആദ്യഘട്ട മത്സരത്തിൽ ഓക്ക്ലാന്റ് സിറ്റിയാണ് ഇത്തിഹാദിന്റെ എതിരാളികൾ.ഡിസംബർ പന്ത്രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഈജിപ്ഷ്യൻ വമ്പൻമാരായ അൽ അഹ്ലിയെ അൽ ഇത്തിഹാദ് നേരിടും.ആ മത്സരത്തിലും വിജയിച്ചാലാണ് സെമിഫൈനലിന് യോഗ്യത നേടുക. സെമിഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെയാണ് അവർ നേരിടേണ്ടത്. അതുകൊണ്ടുതന്നെ നിർണായകമായ മത്സരമാണ് ഡിസംബർ പന്ത്രണ്ടാം തീയതി നടക്കുന്നത്. ബെൻസിമ അപ്പോഴേക്കും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ഇത്തിഹാദിൽ എത്തിയ ബെൻസിമ 20 മത്സരങ്ങളാണ് അവർക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 13 ഗോളുകളും 5 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!