ബാഴ്സ സ്വന്തമാക്കാൻ ശ്രമിക്കുന്ന കാൻസെലോയെ കൂടി പൊക്കാൻ സൗദി!

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് സൗദി അറേബ്യൻ ക്ലബ്ബുകൾ തന്നെയാണ്. യൂറോപ്പിലെ നിരവധി സൂപ്പർ താരങ്ങളെ സൗദി അറേബ്യ സ്വന്തമാക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ നെയ്മർ ജൂനിയറും കരിം ബെൻസിമയുമൊക്കെ ഇപ്പോൾ സൗദി അറേബ്യയിലാണ് ഉള്ളത്. ഓരോ ദിവസവും കൂടുതൽ കൂടുതൽ മികച്ച താരങ്ങളെ അവർ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ പരമാവധി മികച്ച താരങ്ങളെ എത്തിക്കാൻ തന്നെയാണ് സൗദിയുടെ തീരുമാനം. ഇപ്പോൾ ഒരു സൗദി അറേബ്യൻ ക്ലബ്ബ് ശ്രമിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ കാൻസെലോക്ക് വേണ്ടിയാണ്.ഏതാണ് സൗദി അറേബ്യൻ ക്ലബ്ബ് എന്നുള്ളത് വ്യക്തമല്ല. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ എഫ്സി ബാഴ്സലോണ എത്തിക്കാൻ ശ്രമിക്കുന്ന താരമാണ് കാൻസെലോ. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയുമായുള്ള താരത്തിന്റെ ബന്ധം പൂർണ്ണമായും തകർന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ ബയേണിലേക്ക് പോയിരുന്നു.എന്നാൽ അവർ അദ്ദേഹത്തെ നിലനിർത്തിയിരുന്നില്ല. നിലവിൽ സിറ്റിയിൽ തുടരാൻ കാൻസെലോ ഉദ്ദേശിക്കുന്നില്ല. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്.

വാങ്ങാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ എത്തിക്കാനാണ് ഇപ്പോൾ ബാഴ്സ ശ്രമിക്കുന്നത്. പക്ഷേ നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവശ്യം ഒരു പെർമനന്റ് ഡീലാണ്. എത്രയും പെട്ടെന്ന് ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഏജന്റായ ജോർഹെ മെന്റസ് നടത്തിക്കൊണ്ടിരിക്കുന്നത്. തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമായിരിക്കും അദ്ദേഹം ബാഴ്സയെ തിരഞ്ഞെടുക്കുക. ബാഴ്സയിലേക്ക് പോകാൻ സാധിച്ചില്ലെങ്കിൽ തീർച്ചയായും സൗദി അറേബ്യയെ പോലെയുള്ള ഓപ്ഷനുകൾ അദ്ദേഹം പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *