ബാലൺഡി’ഓറിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ അസ്വസ്ഥനാണ്: തുറന്നുപറഞ്ഞ് ബാലൺഡി’ഓർ ചീഫ്
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പ്രശസ്തമായ അവാർഡാണ് ബാലൺഡി’ഓർ പുരസ്കാരം. ഇത്തവണത്തെ ബാലൺഡി’ഓർ ഇന്നാണ് സമ്മാനിക്കപ്പെടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ഇത്തവണ പുരസ്കാരം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ച് ഫ്രാൻസ് ഫുട്ബോൾ മാഗസിന്‍റെ ചീഫായ വിൻസെന്റ് ഗാർഷ്യ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാലൺഡി’ഓറിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അസ്വസ്ഥനാണ് എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഗാർഷ്യയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ബാലൺഡി’ഓർ ജേതാക്കളായ താരങ്ങൾക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനുള്ള അവകാശമുണ്ട്.പക്ഷേ അവരൊന്നും വരാറില്ല. പലരും ഞങ്ങളുടെ കാര്യത്തിൽ അസ്വസ്ഥരാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ എനിക്ക് ഉറപ്പില്ല.ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടില്ല. മുൻ ജേതാക്കൾ കോപ ട്രോഫിക്ക് വോട്ട് ചെയ്യുന്നവരാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞവർഷം വോട്ട് ചെയ്തിട്ടില്ല.ഈ വർഷവും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടില്ല ” ഇതാണ് ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് പറഞ്ഞിട്ടുള്ളത്.
കാര്യങ്ങൾ വളരെ വ്യക്തമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ബാലൺഡി’ഓറുമായി സഹകരിക്കാറില്ല. പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായ റൊണാൾഡോക്ക് വോട്ട് ചെയ്യാനുള്ള അധികാരം ഉണ്ടെങ്കിലും അദ്ദേഹം അത് ഉപയോഗപ്പെടുത്താറില്ല.ബാലൺഡി’ഓറിന്റെ ക്രെഡിബിലിറ്റി നഷ്ടമായി എന്ന് നേരത്തെ ആരോപിച്ച താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.