ഫൈനലിൽ അൽ ഹിലാലിനോട് തോറ്റു,പൊട്ടിക്കരഞ്ഞ് റൊണാൾഡോ!
സൗദി അറേബ്യയിൽ ഇന്നലെ നടന്ന കിങ്സ് കപ്പ് ഫൈനലിൽ അൽ നസ്റിന് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചിരവൈരികളായ അൽ ഹിലാലിനോട് അൽ നസ്ർ പരാജയപ്പെട്ടത്.ഇതോടെ ഒരിക്കൽ കൂടി അൽ നസ്റിന് അൽ ഹിലാലിന് മുന്നിൽ കിരീടം നഷ്ടപ്പെടുകയായിരുന്നു.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മിട്രോവിച്ച് അൽ ഹിലാലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.പിന്നീട് റെഡ് കാർഡുകളുടെ പെരുമഴയായിരുന്നു.56ആം മിനുട്ടിൽ നസ്ർ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനക്ക് റെഡ് കാർഡ് ലഭിച്ചു. പിന്നീട് ഹിലാൽ താരങ്ങളായ അൽ ബുലയ്ഹി,കൂലിബലി എന്നിവർക്കും റെഡ് കാർഡ് ലഭിച്ചു. ഇതിനിടെ അയ്മനിലൂടെ അൽ നസ്ർ സമനില ഗോൾ നേടിയിരുന്നു.
പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.അൽ ഹിലാലിന്റെ എല്ലാ താരങ്ങളും ഗോളാക്കി മാറ്റിയപ്പോൾ ഒരു അൽ നസ്ർ താരത്തിന് പിഴക്കുകയായിരുന്നു.ബോനോയാണ് ഹിലാലിന്റെ ഹീറോയായി മാറിയത്. ഫൈനലിലെ പരാജയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്.കരഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം കളിക്കളം വിട്ടിരുന്നത്.