പോർച്ചുഗീസ് സൂപ്പർതാരത്തെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അൽ നസ്ർ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏവരെയും ഞെട്ടിച്ചു കളഞ്ഞത് സൗദി അറേബ്യൻ ക്ലബ്ബുകളുടെ ഇടപെടലുകൾ തന്നെയാണ്.നിരവധി സൂപ്പർതാരങ്ങളെ അവർ സ്വന്തമാക്കി കഴിഞ്ഞു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ന് നിരവധി മികച്ച താരങ്ങൾ സൗദി അറേബ്യൻ ലീഗിന് സ്വന്തമാണ്.

ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അൽ നസ്ർ മാഴ്സലോ ബ്രോസോവിച്ചിനെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അവർ ഇപ്പോൾ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരമായ ഒട്ടാവിയോക്ക് വേണ്ടിയാണ്.പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോക്ക് വേണ്ടിയാണ് ഈ സൂപ്പർതാരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. പോർച്ചുഗീസ് മാധ്യമമായ എ ബോല ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ജൂലൈ പതിനഞ്ചാം തീയതി വരെ ഒട്ടാവിയോയുടെ റിലീസ് ക്ലോസ് 40 മില്യൺ യൂറോ ആയിരിക്കും. അതിനുശേഷം അത് 60 മില്യൺ യൂറോ ആയി ഉയർന്നേക്കും. താരത്തിന്റെ കാര്യത്തിൽ ഉയർന്ന ഒരു ഫീ തന്നെ സ്വന്തമാക്കുക എന്നുള്ളതാണ് പോർട്ടോയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ജൂലൈ പതിനഞ്ചാം തീയതിക്ക് അപ്പുറത്തേക്ക് നീട്ടി കൊണ്ടുപോകാനാണ് ഇപ്പോൾ പോർട്ടോ ശ്രമിക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് കരാറിൽ എത്താനാണ് അൽ നസ്ർ ശ്രമിക്കുന്നത്.

15 മില്യൺ യൂറോ സാലറിയിൽ മൂന്നുവർഷത്തെ കോൺട്രാക്ട് ആണ് ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന് സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 28 കാരനായ താരം ഇത് സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയണം. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 14 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ മുന്നേറ്റ നിര താരം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. അതേസമയം അൽ നസ്റിന് ഫിഫ ബാൻ നൽകിയിട്ടുണ്ടെങ്കിലും അത് പ്രശ്നമുള്ളതല്ല. ഓരോ നിശ്ചിത തുക അടച്ചു കഴിഞ്ഞാൽ ഈ ബാൻ മാറ്റാൻ അൽ നസ്റിന് തന്നെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *