പുതിയ പ്രവാചകർക്കായി കയറ്റി അയക്കാനുള്ള ചരക്കല്ല വിക്ടർ: തുറന്നടിച്ച് സൂപ്പർ താരത്തിൻ്റെ ഏജൻ്റ്
സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് നാപോളിക്ക് വേണ്ടി അവരുടെ സൂപ്പർ സ്ട്രൈക്കർ ആയ വിക്ടർ ഒസിമെൻ നടത്തിക്കൊണ്ടിരിക്കുന്നത്. 2022 /23 സീസണിൽ നാപ്പോളിക്ക് ഇറ്റാലിയൻ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ നൈജീരിയൻ സ്ട്രൈക്കർക്ക് സാധിച്ചിരുന്നു.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ താരത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നാപോളി നടത്തുന്നുണ്ട്. സൗദിക്ക് അദ്ദേഹത്തെ കൈമാറാനാണ് ഈ ഇറ്റാലിയൻ ക്ലബ്ബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇതിനെതിരെ താരത്തിന്റെ ഏജന്റ് ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. മറ്റുള്ള പ്രവാചകർക്ക് വേണ്ടി കയറ്റി അയക്കാനുള്ള ചരക്കല്ല ഒസിമെൻ എന്നാണ് താരത്തിന്റെ ഏജന്റ് ആയ കലണ്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” പുതിയ പ്രവാചകർക്ക് വേണ്ടി സ്ഥലം ഒരുക്കാൻ ആയി കയറ്റി അയക്കാനുള്ള ചരക്കല്ല വിക്ടർ ഒസിമെൻ.അദ്ദേഹത്തിന് ഇനിയും യൂറോപ്പിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.ഒസിമെൻ ഒരു നാപ്പോളി താരമാണ്. പരസ്പരം അംഗീകരിച്ചുകൊണ്ടാണ് ഈയിടെ ഞങ്ങൾ കോൺട്രാക്ട് പുതുക്കിയത്.ക്ലബ്ബിനോടൊപ്പം ചരിത്രം കുറിച്ചു താരമാണ് അദ്ദേഹം.വേറെയും വലിയ ഓഫറുകൾ അദ്ദേഹത്തിനു വന്നിരുന്നു.അപ്പോഴൊക്കെ ക്ലബ്ബിന്റെ തീരുമാനത്തോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.നിലവിലെ ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്കാരം നേടിയ താരമാണ് അദ്ദേഹം.ബാലൺഡി’ഓർ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഒസിമെനായിരുന്നു. അതുകൊണ്ടുതന്നെ അർഹിച്ച ബഹുമാനം അദ്ദേഹത്തിന് നൽകുക “ഇതാണ് താരത്തിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.
താരത്തിന് സൗദിയിലേക്ക് പോകാൻ താല്പര്യമില്ല എന്നുള്ളത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം ചെൽസിക്ക് ഈ താരത്തെ എത്തിക്കാൻ താല്പര്യം ഉണ്ട്.ഈ സീസണിൽ നാപൊളിക്ക് വേണ്ടി കളിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ 15 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആയിരുന്നു താരം നേടിയിരുന്നത്.