പരിശീലനത്തിൽ ദേഷ്യപ്പെടും, വളരെ സീരിയസാണ് ക്രിസ്റ്റ്യാനോ : സഹതാരം പറയുന്നു!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് ആവർത്തിക്കാൻ സാധിച്ചില്ല. മാത്രമല്ല ഒരു കിരീടം പോലുമില്ലാതെയാണ് ഈ സീസൺ റൊണാൾഡോ അവസാനിപ്പിച്ചത്. ആകെ കളിച്ച 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോയെ കുറിച്ച് അദ്ദേഹത്തിന്റെ സഹതാരമായ അബ്ദുൽ റഹ്മാൻ ഗരീബ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.വളരെ ചിട്ടയായ, കണിശതയാർന്ന ജീവിതം നയിക്കുന്നവനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഗരീബ് പറഞ്ഞിട്ടുള്ളത്.പരിശീലനത്തിൽ പരാജയപ്പെട്ടാൽ പോലും ക്രിസ്റ്റ്യാനോ റൊണാൾഡോ ദേഷ്യപ്പെടുമെന്നും ഗരീബ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം വളരെയധികം സീരിയസാണ്.പരിശീലനത്തിൽ പരാജയപ്പെട്ടാൽ പോലും അദ്ദേഹം ദേഷ്യപ്പെടും. ഭൂരിഭാഗം താരങ്ങളും എത്തുന്നതിനു മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നമുക്ക് പരിശീലന മൈതാനത്ത് കാണാം.എനിക്ക് അദ്ദേഹത്തിൽ നിന്നും വളരെയധികം സപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഞാൻ വളരെയധികം ആവേശത്തോടെ കൂടി ഇപ്പോൾ പരിശീലനം ചെയ്യുന്നതിന്റെ പ്രധാനപ്പെട്ട കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. തീർച്ചയായും റൊണാൾഡോക്കൊപ്പം പരിശീലനം നടത്തുമ്പോൾ നമ്മൾ എന്തായാലും ആവേശഭരിതരാകും. വളരെ കണിശതയാർന്ന ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ” ഇതാണ് സഹതാരമായ ഗരീബ് പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ സൗദി അറേബ്യയോട് വിട പറയും എന്നുള്ള റൂമറുകൾ ഈയിടെ പ്രചരിച്ചിരുന്നു. എന്നാൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ നിരസിച്ചിട്ടുണ്ട്.താൻ ഇവിടെ ഹാപ്പിയാണ് എന്നുള്ള കാര്യം റൊണാൾഡോ അറിയിച്ചിരുന്നു. സൗദി അറേബ്യൻ ലീഗ് ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *