നെയ്മർ മടങ്ങിയെത്തുന്നു, ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി നെയ്മർ സീനിയർ!

ഇന്ന് AFC ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ UAE ക്ലബായ അൽ ഐനാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.അൽ ഐനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിന്റെ സവിശേഷത നെയ്മർ ജൂനിയർ മടങ്ങിയെത്തുന്നു എന്നുള്ളതാണ്. ഒരു വർഷത്തെ ഇടവേളക്ക് ശേഷം നെയ്മർ ആദ്യമായി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങും.ഇതിനു മുന്നേ നെയ്മർക്ക് ഹൃദയസ്പർശിയായ ഒരു സന്ദേശം നെയ്മറുടെ പിതാവ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ നൽകിയിട്ടുണ്ട്. നമുക്ക് ആ സന്ദേശമൊന്ന് പരിശോധിക്കാം.

“പ്രിയപ്പെട്ട മകനെ..നിന്നെ കളിക്കളത്തിൽ കാണുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു. ഇതിനോടകം തന്നെ ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. പക്ഷേ ഇത് കഴിഞ്ഞതെല്ലാം മറക്കാനുള്ള ഒരു സമയമാണ്.ആ പരിക്കും വേദനയും എല്ലാം മറക്കേണ്ടതുണ്ട്. എല്ലാം കടന്നുപോകും എന്നത് നമുക്ക് അറിയാവുന്ന ഒരു കാര്യമാണല്ലോ. ഇനി നമുക്ക് മുന്നോട്ടു നോക്കേണ്ടതുണ്ട്. കരിയറിന്റെ പുതിയ സൈക്കിളിലെ പുതിയ ലക്ഷ്യങ്ങളാണ് ഇനി നമ്മുടെ മുന്നിലുള്ളത്.എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ നിന്നോടൊപ്പം ഉണ്ടാകും. നിന്റെ മാജിക് കൊണ്ട് ഞങ്ങളെ വീണ്ടും പുഞ്ചിരിപ്പിക്കുക.ലോകത്ത് ലക്ഷക്കണക്കിന് ആരാധകർ നിന്നെ കാത്തിരിക്കുന്നു. ആരാധകർ എല്ലാവരും നിന്റെ റിക്കവറിയുടെ ഓരോ നിമിഷവും ഫോളോ ചെയ്തവരാണ്.നിന്റെ മത്സരങ്ങൾ കാണാനും ഗോളുകൾ കാണാനും അസിസ്റ്റുകൾ കാണാനും വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്.തീർച്ചയായും നീ നിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗോളുകൾ ആഘോഷിക്കുക.ഞാൻ നിന്നെ ഏറെ ഇഷ്ടപ്പെടുന്നു. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു “ഇതാണ് നെയ്മറുടെ പിതാവ് കുറിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു നെയ്മർ അൽ ഹിലാലിലെത്തിയത്.എന്നാൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഏതായാലും താരത്തിന്റെ തിരിച്ചുവരവ് അൽ ഹിലാലിനും സന്തോഷം നൽകുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *