തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരുടെയും, വിജയത്തിലും അങ്ങനെ തന്നെ:അൽ നസ്ർ കോച്ച്
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ അൽ നസ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അൽ ഖാദിസിയ അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യം അൽ നസ്റിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ പിന്നീട് അവർ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല. ഏതായാലും ഈ തോൽവിയെക്കുറിച്ച് അൽ നസ്റിന്റെ പരിശീലകനായ സ്റ്റെഫാനോ പിയോലി സംസാരിച്ചിട്ടുണ്ട്.തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കുമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.വിജയിക്കുന്നതിന്റെ ക്രെഡിറ്റും അങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾ ഒരു ടീമാണ്.പ്രശ്നങ്ങൾ ഞങ്ങൾ വിഭജിച്ചു നൽകാറില്ല.ഞങ്ങൾ ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഒരുമിച്ച് ആയിരിക്കും. തോൽവിക്ക് ഒരു പ്രത്യേക താരത്തെ മാത്രം കുറ്റപ്പെടുത്താൻ ഞങ്ങൾ ഒരുക്കമല്ല. ഞങ്ങൾ ഈ മത്സരത്തിൽ പരാജയപ്പെട്ടത് ഞങ്ങളുടെ മിസ്റ്റേക്കുകൾ കൊണ്ടാണ്.ഗോളുകൾ നേടാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ വഴങ്ങിയ ഗോളുകൾ ഒരിക്കലും വഴങ്ങാൻ പാടില്ലാത്തതായിരുന്നു ” ഇതാണ് പിയോലി പറഞ്ഞിട്ടുള്ളത്.
ഈ ലീഗിലെ ആദ്യ തോൽവിയാണ് ഇപ്പോൾ അൽ നസ്ർ വഴങ്ങിയിട്ടുള്ളത്.22 പോയിന്റുള്ള അവർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ഇതേ പോയിന്റ് തന്നെയുള്ള അൽ ഖാദിസിയ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.