ക്രിസ്റ്റ്യാനോ വെറുപ്പുളവാക്കുന്ന താരം: രൂക്ഷ വിമർശനവുമായി ഫ്രഞ്ച് ഇതിഹാസങ്ങൾ!

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അവിടെയും ബുദ്ധിമുട്ടേറിയ സമയമാണ് ഇപ്പോൾ റൊണാൾഡോക്ക്.അൽ നസ്ർ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല എതിർ ആരാധകരുടെ പ്രകോപനങ്ങളിൽ പലപ്പോഴും റൊണാൾഡോ വീഴുകയും ചെയ്തിരുന്നു. താരം നടത്തിയ അശ്ലീല ആംഗ്യം വലിയ വിവാദങ്ങളാണ് സൗദിയിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ ചില ഫ്രഞ്ച് ഇതിഹാസങ്ങൾ റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം വെറുപ്പുളവാക്കുന്ന ഒരു താരമാണ് എന്നാണ് ക്രിസ്റ്റഫെ ജാല്ലെറ്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ വെറുപ്പുളവാക്കുന്ന ഒരു താരമാണ്. അദ്ദേഹം ഒരു ഇതിഹാസമാണ് എന്നുള്ള കാര്യം മനസ്സിലാക്കണം. എന്നിട്ടും കാണാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് അവൻ ചെയ്തുകൂട്ടുന്നത്.ക്രിസ്റ്റ്യാനോ ഒരു ചാമ്പ്യനാണ്,ഇത്തരത്തിലുള്ള പ്രകോപനങ്ങളെ നേരിടാൻ അദ്ദേഹം തയ്യാറായിരിക്കണം. എന്താണ് റൊണാൾഡോ ഇത്തരം പ്രവർത്തികളിലൂടെ ഉദ്ദേശിക്കുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല “ഇതാണ് ജാല്ലറ്റ് പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് മറ്റൊരു മുൻ താരമായ ലോറെ ബോല്ലെയൂ അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. “എനിക്ക് അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ എന്തുകൊണ്ടാണ് എന്ന് മനസ്സിലാവും.അദ്ദേഹത്തിന് ഈഗോ അമിതമാണ്.ചാമ്പ്യൻഷിപ്പിലെ നമ്പർ വൺ ആയിരിക്കാൻ അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നു. പക്ഷേ ബുദ്ധിമുട്ടുകൾ ഒരുപാടുണ്ട്. അദ്ദേഹം സങ്കൽപ്പിക്കാത്ത കാര്യങ്ങൾ നടക്കുമ്പോഴാണ് ഇത്തരത്തിൽ ദേഷ്യം പ്രകടിപ്പിക്കുന്നത് “ഇതാണ് ബോല്ലെയു പറഞ്ഞിട്ടുള്ളത്.

മറ്റൊരു മുൻ താരമായ ഹബീബ് ബെയെ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. “റൊണാൾഡോയുടെ മുഖ്യ എതിരാളി അദ്ദേഹത്തെ മറികടന്നു കഴിഞ്ഞു.അതുകൊണ്ട് അദ്ദേഹം അസംതൃപ്തനാണ്. എനിക്ക് റൊണാൾഡോയുടെ ഒരു സഹതാപവും ഇല്ല. അദ്ദേഹം കാണിച്ച പ്രവർത്തി ഈ രാജ്യത്ത് അപലപിക്കേണ്ട ഒന്ന് തന്നെയാണ് “ഇതാണ് ബെയെ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ റൊണാൾഡോയുടെ പ്രവർത്തികൾ വലിയ വിവാദമായിട്ടുണ്ട്. ഇതെല്ലാം മറികടന്നുകൊണ്ട് പൂർവാധികം ശക്തിയോടെ താരം തിരിച്ചെത്തും എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *