ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇതെന്തുപറ്റി? വീണ്ടും ഗോളടിക്കാനായില്ല!
ഇന്നലെ നടന്ന കിങ്സ് കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈ മത്സരത്തിൽ അൽ നസ്ർ വിജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ അൽ നസ്ർ നിരയിൽ ഉണ്ടായിരുന്നു.
പക്ഷേ അദ്ദേഹത്തിന്റെ ആരാധകർക്ക് അദ്ദേഹം ഒരിക്കൽ കൂടി നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. എന്തെന്നാൽ ഈ മത്സരത്തിൽ ഗോളുകളോ അസിസ്റ്റുകളോ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാനാവാതെ പോകുന്നത്.
ദമാക്ക് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് കണ്ടെത്തിയിരുന്നു. സൗദി അറേബ്യയിലെ താരത്തിന്റെ രണ്ടാമത്തെ ഹാട്രിക്ക് ആയിരുന്നു അത്. അതോടുകൂടി ആകെ 10 ഗോൾ പങ്കാളിത്തങ്ങൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.8 ഗോളുകളും രണ്ട് അസിസ്റ്റുകളും ആയിരുന്നു റൊണാൾഡോയുടെ സമ്പാദ്യം.
Cristiano Ronaldo fails to score for the third Al-Nassr game in a row 😬 pic.twitter.com/Pk7z0KCl7M
— GOAL (@goal) March 14, 2023
പക്ഷേ അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ ഗോളോ അസിസ്റ്റോ നേടാൻ റൊണാൾഡോക്ക് സാധിക്കാതെ പോവുകയായിരുന്നു.അൽ ബാത്തിനെതിരെയുള്ള മത്സരത്തിൽ അൽ നസ്ർ മൂന്ന് ഗോളുകൾ നേടിയെങ്കിലും അതിലൊന്നും പങ്കാളിത്തം വഹിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല.അതിനുശേഷം അൽ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അൽ നസ്ർ പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇന്നലത്തെ മത്സരത്തിലും റൊണാൾഡോക്ക് ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഇനി അടുത്ത മത്സരവും അബ്ഹക്കെതിരെയാണ്. ആ മത്സരത്തിലെങ്കിലും റൊണാൾഡോ ഗോൾ വരൾച്ച അവസാനിപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.