ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്റ്റ് കണ്ട് ഞെട്ടി അൽ നസ്സ്ർ പരിശീലകൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇന്നലെ അൽ നസ്സ്റിന് സാധിച്ചിരുന്നു. ഒരു രാജകീയ വരവേൽപ്പാണ് റൊണാൾഡോക്ക് സൗദി അറേബ്യയിൽ ലഭിച്ചിട്ടുള്ളത്.ടീമിനോടൊപ്പം ഇന്നലെ അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

നിരവധി ആരാധകർ റൊണാൾഡോയെ കാണാൻ വേണ്ടി തടിച്ചു കൂടിയിരുന്നു. മാത്രമല്ല വളരെ വർണ്ണാഭമായ ചടങ്ങ് തന്നെയായിരുന്നു റൊണാൾഡോക്ക് വേണ്ടി ക്ലബ്ബ് സംഘടിപ്പിച്ചിരുന്നത്. അതിനേക്കാൾ ഉപരി സൗദി അറേബ്യയിൽ വലിയ ഇമ്പാക്ട് ആണ് ഇതിനോടകം തന്നെ റൊണാൾഡോ ഉണ്ടാക്കിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലും ജഴ്സി വില്പനയുടെ കാര്യത്തിലുമൊക്കെ അൽ നസ്സ്ർ വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ എഫക്റ്റിൽ ഇപ്പോൾ അൽ നസ്റിന്റെ പരിശീലകനായ റൂഡി ഗാർഷ്യയും തന്റെ ഞെട്ടൽ പ്രകടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിന് വേണ്ടി വന്ന ജേണലിസ്റ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലാണ് അൽ നസ്സ്ർ പരിശീലകൻ ഞെട്ടൽ പ്രകടിപ്പിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ ഈ ജേണലിസ്റ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ എനിക്ക് വലിയ അത്ഭുതവും ഞെട്ടലുമുണ്ട്.സാധാരണഗതിയിൽ ഒരു മത്സരം കഴിഞ്ഞാൽ രണ്ടോ മൂന്നോ ജേണലിസ്റ്റുകൾ മാത്രമേ ഉണ്ടാവാറുള്ളൂ. പക്ഷേ ഇന്ന് ഒരുപാട് പേർ തടിച്ചു കൂടിയിരിക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഇതിഹാസമാണ്.റൊണാൾഡോയെ സ്വാഗതം ചെയ്യുന്നത് എനിക്കും ക്ലബ്ബിനും ഒരു ബഹുമതിയാണ്.അദ്ദേഹം ഇവിടെയുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യം തന്നെയാണ് ” ഇതാണ് പരിശീലകനായ റൂഡി ഗാർഷ്യ പറഞ്ഞിട്ടുള്ളത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് ഏഷ്യൻ ഫുട്ബോളിലേക്ക് വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു.പക്ഷേ യൂറോപ്പ്യൻ ഫുട്ബോളിൽ താൻ എല്ലാം കരസ്ഥമാക്കി കഴിഞ്ഞു എന്നാണ് റൊണാൾഡോ ഇതിനുള്ള വിശദീകരണമായി കൊണ്ട് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *