ക്രിസ്റ്റ്യാനോ ഒരു പാഠ വിഷയം, ദീർഘകാല കരിയർ ലക്ഷ്യം വെക്കുന്നവർക്ക് ഉത്തമ മാതൃക:അൽ നസ്ർ ന്യൂട്രീഷനിസ്റ്റ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്തമാസം 39 വയസ്സ് പൂർത്തിയാകും. പക്ഷേ അദ്ദേഹം ഈ പ്രായത്തിലും ചെയ്യുന്ന കാര്യങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്.കഴിഞ്ഞ കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്. 54 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 38 വയസ്സുള്ള ഒരു താരം ഒരു കലണ്ടർ വർഷത്തിൽ 54 ഗോളുകൾ നേടി എന്നത് വിസ്മയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.

തന്റെ ഫിറ്റ്നസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവ ജാഗ്രത പുലർത്തുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തെ പ്രശംസിച്ചുകൊണ്ട് അൽ നസ്റിന്റെ ന്യൂട്രീഷനിസ്റ്റായ ഹോസേ ബ്ലിസ രംഗത്ത് വന്നിട്ടുണ്ട്. ദീർഘകാല കരിയർ ലക്ഷ്യമിടുന്ന താരങ്ങൾക്ക് പഠിക്കാവുന്ന പാഠ വിഷയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ന്യൂട്രീഷനിസ്റ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒരുപാട് ഹൈ ലെവൽ കായിക താരങ്ങളോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. പല കായിക മേഖലയിലായിട്ട് വർക്ക് ചെയ്തിട്ടുണ്ട്.അവർ എല്ലാവരും ഓരോ കാര്യങ്ങളിലും മികച്ചു നിൽക്കുന്നുണ്ട്.പക്ഷേ റൊണാൾഡോ തികച്ചും വ്യത്യസ്തമാണ്. ഒരു ഗുഡ് വർക്കിനെ മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിക്കുന്നു. ദീർഘകാല കരിയർ ലക്ഷ്യമിടുന്നവർക്ക് റൊണാൾഡോ ഒരു പാഠ വിഷയമാണ്. ഭൂരിഭാഗം ആളുകളും വിരമിക്കുന്ന ഒരു സമയത്താണ് റൊണാൾഡോ ഹൈ ലെവൽ പെർഫോമൻസ് നടത്തുന്നത്. അക്കാര്യത്തിൽ റൊണാൾഡോയിൽ നിന്നും നിങ്ങൾക്ക് പഠിക്കാൻ സാധിക്കും “ഇതാണ് ബ്ലിസ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുക്കുന്നത്.18 ലീഗ് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിക്കെതിരെ ക്രിസ്റ്റ്യാനോയും സംഘവും കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *