ക്രിസ്റ്റ്യാനോ ഇപ്പോഴും അപകടകാരി,സൗദിയിൽ റൊണാൾഡോ എഫക്ട് ഉണ്ടാവും : എതിർ താരം

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.അൽ നസ്റിന്റെ ജേഴ്സിയിലുള്ള അരങ്ങേറ്റം അൽ ഇത്തിഫാക്കിനെതിരെ റൊണാൾഡോ നടത്തുകയും ചെയ്തിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് ഇത്തിഫാക്ക് ഡിഫന്ററായ മാഴ്സെൽ ടിസറാന്റ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും അപകടകാരിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോ എഫക്ട് സൗദിയിൽ ഉണ്ടാവുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ടിസറാന്റിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വ്യത്യസ്തമായ താരമാണ്.ഞങ്ങൾ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ ഡിഫൻസിനെ വലിയ നാശമൊന്നും വിതക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചു. റൊണാൾഡോ ഒരു ഇരുപതുകാരനെ പോലെ അല്ലെങ്കിലും ഇപ്പോഴും ശാരീരികമായി അദ്ദേഹം നല്ല നിലയിലാണ് ഉള്ളത്.അദ്ദേഹം വളരെ അപകടകാരിയായ താരമാണ്. ആദ്യ മത്സരം റൊണാൾഡോയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല.കാരണം പുതിയ സഹതാരങ്ങൾക്കൊപ്പം ആണ് അദ്ദേഹം കളിക്കുന്നത്. പക്ഷേ അദ്ദേഹം ഉടൻ തന്നെ ടീമിനോട് അഡാപ്റ്റാവും. മാത്രമല്ല കൂടുതൽ ആളുകൾ മത്സരം കാണാനുണ്ടായിരുന്നു. കൂടുതൽ ബ്രോഡ്കാസ്റ്റേഴ്സ് ഉണ്ടായി. റൊണാൾഡോയുടെ വരവോടുകൂടി കൂടുതൽ താരങ്ങൾ ഇനി എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തീർച്ചയായും റൊണാൾഡോ എഫക്ട് ഉണ്ടാവുക തന്നെ ചെയ്യും. മത്സരം കാണാൻ കൂടുതൽ ആരാധകർ എത്തിയത് അതിന്റെ തെളിവാണ് ” ഇതാണ് ഫ്രഞ്ച് താരമായ ടിസറാന്റ് പറഞ്ഞിട്ടുള്ളത്.

പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ രണ്ട് ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.ഇനി അൽ ഇത്തിഹാദിനെതിരെയാണ് അൽ നസ്ർ അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *