ക്രിസ്റ്റ്യാനോയല്ല,താരങ്ങൾ കൂട്ടത്തോടെ സൗദിയിലേക്ക് ഒഴുകാൻ കാരണം ബെൻസിമ: വ്യക്തമാക്കി പരിശീലകൻ.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.അതിനുശേഷം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ കരിം ബെൻസിമ മറ്റൊരു സൗദി ക്ലബ്ബായ ഇത്തിഹാദിൽ എത്തി. നിലവിലെ ബാലൺഡി’ഓർ ജേതാവാണ് ബെൻസിമ. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് തുടരുന്നതിനിടെയാണ് അദ്ദേഹം റയൽ മാഡ്രിഡ് വിട്ടുകൊണ്ട് സൗദി അറേബ്യയിലേക്ക് എത്തിയത്.
ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു പ്രസ്താവന പരിശീലകനായ ബോ സ്വൻസൺ നടത്തിയിട്ടുണ്ട്.ജർമ്മൻ ക്ലബ്ബായ മെയിൻസിന്റെ പരിശീലകനാണ് ഇദ്ദേഹം. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല, മറിച്ച് കരിം ബെൻസിമ മൂലമാണ് ബാക്കിയുള്ള സൂപ്പർതാരങ്ങൾ എല്ലാവരും സൗദിയിലേക്ക് എത്തിയത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പ്രമുഖ മാധ്യമമായ ബിൽഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
What a goal from Benzema. pic.twitter.com/JkQmtGprmm
— 𝙇𝘽𝙕 (@losblancoszone) July 30, 2023
” സൗദി അറേബ്യ വളരെ സീരിയസായി കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ചൈനയിൽ നിന്നും വളരെ വ്യത്യസ്തമാണ്. 3 വിദേശ താരങ്ങൾക്ക് മാത്രമേ ചൈനയിൽ അനുമതി ഉണ്ടായിരുന്നുള്ളൂ.അതുകൊണ്ടുതന്നെ വലിയ സൂപ്പർ താരങ്ങൾ ഒന്നും ചൈനയിലേക്ക് പോയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം സൗദിയിലേക്കുള്ള നിർണായക ട്രാൻസ്ഫർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത് ആയിരുന്നില്ല. കാരണം അദ്ദേഹത്തിന് 38 വയസ്സായിട്ടുണ്ട്. ബെൻസിമ പോയതാണ് ഈ മാറ്റങ്ങൾക്കെല്ലാം കാരണം. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ കളിച്ചതിനുശേഷമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്. മറ്റുള്ളവർക്ക് സൗദിയിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത് യഥാർത്ഥത്തിൽ ബെൻസിമയാണ്.മറ്റെവിടെയും കിട്ടാത്ത പണമാണ് താരങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.എന്താവുമെന്നറിയാൻ ഞാൻ വളരെ ആവേശഭരിതനാണ് ” ഇതാണ് മെയിൻസിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒരു മികച്ച തുടക്കം ഇപ്പോൾ അൽ ഇത്തിഹാദിൽ ബെൻസിമക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ ഈ സൂപ്പർ താരത്തിന് സാധിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിലും ഇത്തിഹാദിന്റെ വിജയ ഗോൾ പിറന്നത് ബെൻസിമയുടെ ബൂട്ടിൽ നിന്നാണ്.