ക്രിസ്റ്റ്യാനോക്കും ഡ്രസിങ് റൂമിനും എതിർപ്പ്,അൽ നസ്ർ പരിശീലകന്റെ സ്ഥാനം നഷ്ടമായേക്കും!

കഴിഞ്ഞ മത്സരത്തിൽ പൊതുവേ ദുർബലരായ അൽ ഫയ്‌ഹയോട് വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നില്ല. മാത്രമല്ല അൽ ഇത്തിഹാധിനോട് നേരത്തെ അൽ നസ്ർ പരാജയപ്പെടുകയും ചെയ്തിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഉള്ളത്.കഴിഞ്ഞ മത്സരത്തിലെ സമനില വലിയ തിരിച്ചടിയാണ് അവർക്ക് ഏൽപ്പിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ അൽ നസ്ർ പരിശീലകനായ റൂഡി ഗാർഷ്യ സ്വന്തം ടീം അംഗങ്ങൾക്ക് എതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. താൻ പറഞ്ഞതുപോലെയുള്ള ഒരു പ്രകടനം നടത്താൻ താരങ്ങൾക്ക് കഴിഞ്ഞില്ല എന്നായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്. ഏതായാലും ഇപ്പോൾ അൽ നസ്ർ ക്ലബ്ബിനകത്ത് പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഈ സീസണിന് ശേഷം പരിശീലകനായ റൂഡി ഗാർഷ്യയെ ക്ലബ്ബ് ഒഴിവാക്കും എന്ന വാർത്തയാണ് ഇപ്പോൾ പ്രമുഖ മാധ്യമമായ മാർക്ക പുറത്ത് വിട്ടിരിക്കുന്നത്.

2022 ജൂൺ മാസത്തിലായിരുന്നു റൂഡി ഗാർഷ്യ അൽ നസ്റിന്റെ പരിശീലകനായി എത്തിയത്.എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോൾ ഇദ്ദേഹത്തിന്റെ ടാക്ടിക്കൽ ആയിട്ടുള്ള തീരുമാനങ്ങളോട് എതിർപ്പുണ്ട്. അതായത് അൽ നസ്റിന് ഇതിലും കൂടുതൽ കാര്യക്ഷമമായ രൂപത്തിൽ കളിക്കാൻ കഴിയുമെന്നാണ് റൊണാൾഡോ വിശ്വസിക്കുന്നത്. അതിന് തടസ്സം നിൽക്കുന്നത് ഈ പരിശീലകന്റെ തന്ത്രങ്ങളാണെന്നും റൊണാൾഡോ വിശ്വസിക്കുന്നുണ്ട്.

ടീമിന്റെ പ്രകടനത്തിൽ ഈ സൂപ്പർ താരം കടുത്ത അസംതൃപ്തനാണ് എന്നുള്ളത് കഴിഞ്ഞ മത്സരത്തിൽ തന്നെ വ്യക്തമായതാണ്. വളരെ ദേഷ്യപ്പെട്ടു കൊണ്ടായിരുന്നു അദ്ദേഹം മൈതാനം വിട്ടിരുന്നത്.ഏതായാലും അൽ നസ്റിന്റെ ഡ്രസ്സിംഗ് റൂമിന് അകത്ത് ഇപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്ത് കഴിഞ്ഞു. ഈ സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ മികച്ച രൂപത്തിൽ കളിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ തീർച്ചയായും റൂഡി ഗാർഷ്യയുടെ സ്ഥാനം തെറിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!