കാന്റെയെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം,പക്ഷേ..!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ എങ്കോളോ കാന്റെ ചെൽസി വിട്ടത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദായിരുന്നു താരത്തെ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ഈ ക്ലബ്ബിന്റെ പ്രകടനം മോശമായിരുന്നു. അതുകൊണ്ടുതന്നെ പരിശീലക സ്ഥാനത്ത് പോലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.
പക്ഷേ കഴിഞ്ഞ സീസണിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ കാന്റെക്ക് സാധിച്ചിരുന്നു.ആകെ 46 മത്സരങ്ങൾ ആയിരുന്നു താരം കളിച്ചിരുന്നത്. ഇപ്പോൾ അവസാനിച്ച യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു കാന്റെ നടത്തിയിരുന്നത്.മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത് വന്നിട്ടുണ്ട്. 2026 വരെയാണ് കാന്റെക്ക് സൗദി ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്. ചുരുങ്ങിയത് 20 മില്യൻ പൗണ്ട് എങ്കിലും അവർ ചിലവഴിക്കേണ്ടി വരും. ഇതൊക്കെയായിരുന്നു പ്രമുഖ മാധ്യമമായ സ്‌കൈ സ്പോർട്സ് നൽകിയിരുന്നത്.
എന്നാൽ ഇതിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ഫാബ്രിസിയോ റൊമാനോ നൽകിയിട്ടുണ്ട്.മറ്റൊന്നുമല്ല,കാന്റെയെ കൈവിടാൻ ഇപ്പോൾ ഇത്തിഹാദിനെ താൽപര്യമില്ല. വരുന്ന സീസണിലേക്കുള്ള പ്രോജക്ടിൽ അദ്ദേഹവും ഉണ്ട്.വളരെ പ്രധാനപ്പെട്ട താരമായി കൊണ്ടാണ് ഈ സൗദി ക്ലബ്ബ് അദ്ദേഹത്തെ പരിഗണിക്കുന്നത്.അതുകൊണ്ടുതന്നെ ഈ സമ്മറിൽ താരത്തെ കൈവിടാൻ താല്പര്യം ഇല്ല എന്നത് ഇത്തിഹാദ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രീമിയർ ലീഗിലേക്ക് കാന്റെ തിരിച്ചെത്താനുള്ള സാധ്യതകൾ കുറയുകയാണ്. പക്ഷേ വെസ്റ്റ്ഹാം യുണൈറ്റഡ് ശ്രമങ്ങൾ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.