എന്തുകൊണ്ട് അൽ ഹിലാലിനെ തിരഞ്ഞെടുത്തു? ഒടുവിൽ കാരണം വെളിപ്പെടുത്തി റൂബൻ നെവസ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിൽ നിന്നായിരുന്നു പോർച്ചുഗീസ് സൂപ്പർ താരമായ റൂബൻ നെവസ് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ എത്തിയത്. ആറു വർഷക്കാലം വോൾവ്സിൽ ചിലവഴിച്ച താരമാണ് നെവസ്. 26 കാരനായ താരം ഇപ്പോൾ തന്നെ സൗദി അറേബ്യയിലേക്ക് ചേക്കേറിയത് പലർക്കും അത്ഭുതമുണ്ടാക്കിയ കാര്യമായിരുന്നു. അതിന്റെ കാരണം ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തികപരമായ നേട്ടങ്ങൾ കൊണ്ട് തന്നെയാണ് താൻ സൗദി അറേബ്യയെ തിരഞ്ഞെടുത്തിട്ടുള്ളത് എന്ന കാര്യം നെവസ് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് തന്റെ ഫാമിലിയെ മികച്ച രൂപത്തിൽ നോക്കേണ്ടതുണ്ടെന്നും അതാണ് തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കിരീടമെന്നും നെവസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലബ്ബ് എന്റെ മുന്നിൽ അവതരിപ്പിച്ചത് ഒരു മികച്ച പ്രോജക്ട് ആയിരുന്നു. സൗദി അറേബ്യൻ ലീഗും അങ്ങനെ തന്നെയാണ്. അവിടെ കളിക്കുന്ന ഒരുപാട് താരങ്ങളോട് ഏജന്റ് സംസാരിച്ചിരുന്നു.എന്റെ കരിയറിൽ കുറച്ച് വ്യത്യസ്തമായ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നു. ഞാൻ എന്റെ കുടുംബത്തോട് സംസാരിച്ചപ്പോൾ അവർക്കും ഇക്കാര്യത്തിൽ സന്തോഷമായിരുന്നു. അങ്ങനെയാണ് ഞാൻ ഈ തീരുമാനമെടുത്തത്.

ക്ലബ്ബിന്റെ പ്രോജക്ട് മികച്ചതായിരുന്നു. പക്ഷേ അതിനേക്കാൾ ഉപരി എന്റെ കുടുംബത്തിന്റെ മികച്ച ജീവിതമാണ് ഞാൻ നോക്കിയത്. ഞാൻ സ്വപ്നം കണ്ട ഒരു ജീവിതം അവർക്ക് നൽകണമെങ്കിൽ എനിക്ക് ഈ ഓഫർ സ്വീകരിക്കണമായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന എന്റെ കുടുംബത്തിന്റെ നല്ല ജീവിതം തന്നെയാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ട്രോഫി. ഞാൻ ക്ലബ്ബിലേക്ക് വരാൻ തീരുമാനിച്ച അന്ന് എണ്ണിയാൽ ഒടുങ്ങാത്ത മെസ്സേജുകൾ ആണ് എനിക്ക് അൽ ഹിലാൽ ആരാധകരിൽ നിന്നും ലഭിച്ചത്. അവരുടെ പാഷൻ അത്ഭുതപ്പെടുത്തുന്നതാണ് ” ഇതാണ് നെവസ് പറഞ്ഞിട്ടുള്ളത്.

പോർച്ചുഗലിന്റെ ദേശീയ ടീമിന് വേണ്ടി 41 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയിലൂടെയായിരുന്നു ഈ ഡിഫൻസീവ് മിഡ്ഫീൽഡർ വളർന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *