എനിക്ക് തെറ്റിയില്ല,ഒരുപാട് പേർ വരും : സൗദി അറേബ്യയെ കുറിച്ച് ക്രിസ്റ്റ്യാനോ പറയുന്നു!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് ആവർത്തിക്കാൻ സാധിച്ചില്ല. മാത്രമല്ല ഒരു കിരീടം പോലുമില്ലാതെയാണ് ഈ സീസൺ റൊണാൾഡോ അവസാനിപ്പിച്ചത്. ആകെ കളിച്ച 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിനാൽ കൂടുതൽ സൂപ്പർതാരങ്ങളെ ആകർഷിക്കാൻ സൗദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. കരീം ബെൻസിമ,എങ്കോളോ കാന്റെ എന്നിവരെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. കൂടാതെ നിരവധി സൂപ്പർതാരങ്ങൾ സൗദിയിലേക്ക് എത്താൻ സാധ്യതയുമുണ്ട്. ഇതേക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സൗദി അറേബ്യയിലേക്ക് വരുന്നത് ഒരു ബോക്സ് ഓപ്പൺ ചെയ്യലാണ് എന്നുള്ള കാര്യം എനിക്കറിയാമായിരുന്നു.എന്റെ കണക്കുകൂട്ടലുകൾ തെറ്റിയിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായിക്കൊണ്ട് സൗദി അറേബ്യക്ക് മാറാൻ വരുന്ന രണ്ടുമൂന്നു വർഷങ്ങൾക്കുള്ളിൽ സാധിക്കും. കരീം ബെൻസിമ ഇപ്പോൾ എത്തിക്കഴിഞ്ഞു.ഇനിയും ഒരുപാട് താരങ്ങൾ ഇവിടേക്ക് വരും “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

അതേസമയം റയൽ മാഡ്രിഡിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് ഇനിയും ചാമ്പ്യൻസ് ലീഗും മറ്റുള്ള കിരീടങ്ങളും നേടുമെന്നാണ് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിട്ടുള്ളത്.അതേസമയം റെക്കോർഡ് തുക ഓഫർ നൽകിയിട്ടും മെസ്സിയെ സ്വന്തമാക്കാൻ സാധിക്കാത്തത് സൗദി അറേബ്യക്ക് നിരാശ നൽകുന്ന കാര്യമാണ്.അൽ ഹിലാൽ ആയിരുന്നു മെസ്സിക്ക് വേണ്ടി ശ്രമിച്ചിരുന്നത്.എന്നാൽ മെസ്സി അത് നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *