ഈ വർഷം മൂന്ന്,ആകെ 61, തരംഗമായി ക്രിസ്റ്റ്യാനോയുടെ ബുള്ളറ്റ് ഫ്രീകിക്ക് ഗോൾ!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ നസ്ർ ദമാക്ക് എഫ്സിയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയുടെ അവസാനത്തിൽ വഴങ്ങിയ ഒരു ഗോളിന് അൽ നസ്ർ പിന്നിലായിരുന്നു.

എന്നാൽ 52ആം മിനുട്ടിൽ ടാലിസ്ക്ക അൽ നസ്റിനെ ഒപ്പം എത്തിച്ചു. അതിന് ശേഷം നാല് മിനിട്ടുകൾക്കകമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷക വേഷമണിയുന്നത്. ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനെ വിജയത്തിലേക്ക് എത്തിച്ചിട്ടുള്ളത്. താരത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ഗോൾ കണ്ടുനിൽക്കാൻ മാത്രമേ എതിർ ഗോൾ കീപ്പർ സാധിച്ചുള്ളൂ. 2018 വേൾഡ് കപ്പിൽ സ്പെയിനിനെതിരെ നേടിയ ഗോളിന് സമാനമായിരുന്നു ഇന്നലത്തെ റൊണാൾഡോയുടെ ഗോൾ.

38 കാരനായ താരത്തിന്റെ ബുള്ളറ്റ് ഫ്രീകിക്ക് ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. ഈ വർഷം ഇത് മൂന്നാമത്തെ ഫ്രീകിക്ക് ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്നത്. സൗദി ലീഗിൽ അബ്ഹക്കെതിരെ നേരത്തെ റൊണാൾഡോ ഫ്രീകിക്ക് ഗോൾ നേടിയിരുന്നു. അതിനുശേഷം യൂറോ യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റെയിനെതിരെയും റൊണാൾഡോയുടെ ഫ്രീകിക്ക് ഗോൾ പിറന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഈ ഗോൾ വന്നിട്ടുള്ളത്. തന്റെ കരിയറിൽ ആകെ 61 ഫ്രീകിക്ക് ഗോളുകൾ പൂർത്തിയാക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.

അൽ നസ്ർ ക്ലബ്ബിന് വേണ്ടി റൊണാൾഡോ നേടുന്ന 33ആം ഗോളായിരുന്നു ഇത്.കരിയറിൽ ആകെ 860 ഗോളുകൾ റൊണാൾഡോ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.ഈ സീസണിലും തകർപ്പൻ പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. സൗദി ലീഗിൽ 9 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗലിനു വേണ്ടി നാല് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *