ഇതിനെല്ലാം കാരണം ക്രിസ്റ്റ്യാനോയാണ്: നെയ്മറും ചെയർമാനും പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടിയാണ് സൗദി അറേബ്യൻ ഫുട്ബോളിന്റെ തന്നെ തലവര മാറിമറിഞ്ഞത്. റൊണാൾഡോ അൽ നസ്റിൽ എത്തിയതോടുകൂടി ആഗോളതലത്തിൽ സൗദി അറേബ്യൻ ഫുട്ബോൾ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി സൂപ്പർതാരങ്ങൾ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലെത്തി. നിലവിൽ നെയ്മർ ജൂനിയറും കരീം ബെൻസിമയുമെല്ലാം സൗദി അറേബ്യൻ ഫുട്ബോളിന്റെ ഭാഗമാണ്.
ഇതിനെല്ലാം കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്. സൗദി അറേബ്യൻ ലീഗിന്റെ ചെയർമാനായ സാദ് അൽ ലസീസ് തുറന്ന് പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്റിൽ എത്തിക്കാൻ കഴിഞ്ഞതാണ് സൗദി അറേബ്യൻ ഫുട്ബോളിന്റെ ടേണിങ് പോയിന്റ് എന്നാണ് ഈ ചെയർമാൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
സൗദി അറേബ്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. അതിലാണ് അക്കാര്യം അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറും ഇതേ കാര്യം ആവർത്തിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ എഫക്ട് തന്നെയാണ് അദ്ദേഹവും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
സൗദി അറേബ്യൻ ലീഗ് വളരുകയാണ്, ലോകത്തിനു മുന്നിൽ ഈ ലീഗിനെ ചൂണ്ടിക്കാണിച്ചു നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.റൊണാൾഡോ കാരണമാണ് സൗദി ലീഗിന് എത്രയധികം വിസിബിലിറ്റി ലഭിച്ചത് എന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കമുണ്ടാവില്ല.
39 കാരനായ റൊണാൾഡോയുടെ കോൺട്രാക്ട് ഈ സമ്മറിൽ അവസാനിക്കുകയാണ്.ഈ കോൺട്രാക്ട് അദ്ദേഹം പുതുക്കിയിട്ടില്ല. എന്നാൽ അത് പുതുക്കിക്കൊണ്ട് അദ്ദേഹം കുറച്ചുകാലം കൂടി സൗദി അറേബ്യയിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.