അൽ ഹിലാൽ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയാകുമായിരുന്നില്ല:ലൂയിസ് കാസ്ട്രോ!
പോർച്ചുഗീസ് പരിശീലകനായ ലൂയിസ് കാസ്ട്രോക്ക് കീഴിൽ മോശം പ്രകടനമായിരുന്നു അൽ നസ്ർ നടത്തിയിരുന്നത്.അവർക്ക് കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. അവരുടെ ചിരവൈരികളായ അൽ ഹിലാൽ സമ്പൂർണ്ണ ആധിപത്യം പുലർത്തുകയായിരുന്നു. ഇതോടുകൂടി കാസ്ട്രോക്ക് പരിശീലക സ്ഥാനം നഷ്ടമായി. നിലവിൽ സ്റ്റെഫാനോ പിയോലിയാണ് അൽ നസ്റിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.
അൽ നസ്റിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കാസ്ട്രോ തന്നെ ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. എതിരാളികളായി കൊണ്ട് അൽ ഹിലാൽ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡ്-ബാഴ്സലോണ റൈവൽറിയുമായി ഇദ്ദേഹം താരതമ്യം നടത്തുകയും ചെയ്തിട്ടുണ്ട്.മുൻ അൽ നസ്ർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്
“അൽ ഹിലാൽ എതിരാളികളായി കൊണ്ട് ഇല്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല.പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ചില സമയങ്ങളിൽ റയൽ മാഡ്രിഡിന് അവരുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കാറില്ല.അതിന്റെ കാരണം അവിടെ ബാഴ്സലോണ ഉള്ളതുകൊണ്ടാണ്. തിരിച്ചും അങ്ങനെ തന്നെയാണ്.ഒരു നിശ്ചിത ഘട്ടത്തിൽ കിരീടങ്ങൾ നേടാത്തത് കൊണ്ട് ആ ടീം മോശമായി മാറുന്നില്ല. അൽ ഹിലാലിന് നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിരുന്നു.മിട്രോവിച്ച്,കാൻസെലോ,നെവസ്,ബോനോ,സാവിച്ച് തുടങ്ങിയ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്നു.അവർ ഗിന്നസ് റെക്കോർഡ് തകർക്കുകയും ചെയ്തു. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്,ഞങ്ങൾ സാധ്യമായതെല്ലാം നൽകി ടീമിനെ മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് ” ഇതാണ് കാസ്ട്രോ പറഞ്ഞിട്ടുള്ളത്.
അതായത് അൽ ഹിലാൽ ഏറെ കരുത്തരായിരുന്നുവെന്നും അതുകൊണ്ടാണ് നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കാതെ പോയത് എന്നുമാണ് ഇദ്ദേഹം നൽകുന്ന വിശദീകരണം. ഈ സീസണിലും തകർപ്പൻ പ്രകടനമാണ് അൽ ഹിലാൽ നടത്തുന്നത്. ലീഗിൽ കളിച്ച ആറുമത്സരങ്ങളിൽ ആറിലും വിജയം നേടിക്കൊണ്ട് അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 4 പോയിന്റിന് പുറകിലുള്ള അൽ നസ്ർ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.