അൽ നസ്റിന്റെ പ്രതിരോധനിരയിലേക്ക് ബാഴ്സ സൂപ്പർ താരമെത്തുന്നു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള ടീമാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് റൊണാൾഡോയുടെ പാത പിന്തുടർന്നുകൊണ്ട് സൗദി അറേബ്യയിൽ എത്തിയിട്ടുള്ളത്.അൽ നസ്ർ തന്നെ യൂറോപ്പിൽ നിന്നും ഒരുപാട് മികച്ച താരങ്ങളെ ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

സാഡിയോ മാനെ,ബ്രോസോവിച്ച്,അലക്സ് ടെല്ലസ് എന്നിവരൊക്കെ ഇപ്പോൾ അൽ നസ്റിന്റെ താരങ്ങളാണ്. എന്നാൽ യൂറോപ്പിൽ നിന്നും ഒരു മികച്ച സെന്റർ ബാക്കിനെ ഇപ്പോൾ ഈ ക്ലബ്ബിന് ആവശ്യമുണ്ട്. സ്ഥാനത്തേക്ക് അവർ കൊണ്ടുവരുന്നത് എഫ് സി ബാഴ്സലോണയുടെ ഫ്രഞ്ച് പ്രതിരോധനിരതാരമായ ക്ലമന്റ് ലെങ്ലെറ്റിനെയാണ്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടി ലോണിലായിരുന്നു ഈ ഡിഫൻഡർ കളിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 26 മത്സരങ്ങൾ താരം കളിച്ചിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ ടോട്ടൻഹാം തയ്യാറായിരുന്നില്ല.ഇതോടുകൂടി അദ്ദേഹം ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്തിയിട്ടുണ്ട്. താരത്തെ കൈവിടാൻ എഫ്സി ബാഴ്സലോണ ഒരുക്കമാണ്. 15 മില്യൺ യൂറോയോളമാണ് ബാഴ്സക്ക് ട്രാൻസ്ഫർ ഫീ ആയികൊണ്ട് ലഭിക്കുക.

എന്നാൽ ലെങ്ലെറ്റിന് സൗദി അറേബ്യയിലേക്ക് പോകാൻ ഇപ്പോൾ താൽപര്യമില്ല. യൂറോപ്പിൽ തന്നെ തുടരുന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. പക്ഷേ അൽ നസ്ർ വാഗ്ദാനം ചെയ്യുന്ന വമ്പൻ സാലറി അദ്ദേഹത്തിന്റെ മനസ്സ് മാറ്റുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. സൂപ്പർ താരം നെയ്മർ ജൂനിയർ ഉൾപ്പെടെയുള്ളവരെ സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകത്ത് സൗദി ഇപ്പോൾ വലിയ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *