അഭിമാനം: എല്ലാ ക്ലബ്ബുകൾക്കും നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ!
കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ലീഗിൽ നടന്ന അവസാന മത്സരത്തിൽ തകർപ്പൻ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ കരുത്തരായ അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തിളങ്ങിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.രണ്ട് ഗോളുകളാണ് മത്സരത്തിൽ അദ്ദേഹം നേടിയത്.ഈ ഇരട്ട ഗോളോട് കൂടി അദ്ദേഹം പുതിയ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.
31 ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 35 ഗോളുകളും 11 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.ഒരു സൗദി അറേബ്യയിലെ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് റൊണാൾഡോ ഇതോടുകൂടി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നാല് ലീഗുകളിൽ അദ്ദേഹം ഇപ്പോൾ ടോപ് സ്കോറർ ആയിട്ടുമുണ്ട്. ഇത് സ്വന്തമാക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റൊണാൾഡോ. ഇതിനൊക്കെ അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞിട്ടുണ്ട്.ഈ റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് അഭിമാനമുണ്ടെന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്.
” നാല് രാജ്യങ്ങളിലെ ലീഗുകളിൽ ടോപ്പ് സ്കോറർ ആവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. എല്ലാ ക്ലബ്ബുകളോടും സഹതാരങ്ങളോടും സ്റ്റാഫിനോടും ഞാൻ നന്ദി പറയുന്നു.ഈ ജൈത്രയാത്രയിൽ എന്നെ സഹായിച്ചത് അവരൊക്കെയാണ് “ഇതാണ് റൊണാൾഡോ കുറിച്ചിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന സമയത്ത് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ലാലിഗയിലും ഇറ്റാലിയൻ ലീഗിലും റൊണാൾഡോ ടോപ്പ് സ്കോററായി.ഇപ്പോൾ സൗദി അറേബ്യൻ ലീഗിലെ ഗോൾഡൻ ബൂട്ടും റൊണാൾഡോ സ്വന്തമാക്കി കഴിഞ്ഞു.39ആമത്തെ വയസ്സിലും റൊണാൾഡോ തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്.