എങ്ങോട്ടുമില്ല, ബാഴ്സയുമായി പുതിയ കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ടെർ സ്റ്റീഗൻ!

പ്രതിസന്ധിഘട്ടത്തിലും എഫ്സി ബാഴ്സലോണയെ കൈവിടാതെ പുതിയ കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഗോൾകീപ്പർ മാർക്ക് ആൻഡ്രേ ടെർസ്റ്റീഗൻ. ഈ വരുന്ന ആഴ്ച്ച തന്നെ താരം ക്ലബുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരം ക്ലബുമായി സംസാരിച്ചു കഴിഞ്ഞതായും ഇരുവരും ധാരണയിൽ എത്തിയതായാണ് വാർത്തകൾ. ഏറെ കാലം മുമ്പ് തന്നെ താരത്തിന്റെ കരാർ പുതുക്കാൻ ശ്രമങ്ങൾ ബാഴ്സ നടത്തിയിരുന്നു. തുടർന്ന് വന്ന കോവിഡ് പ്രതിസന്ധിയും ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗിലെ തോൽവിയും അതിനെ തുടർന്നുള്ള പ്രതിസന്ധിയും കാരണം അത് നീണ്ടുപോവുകയായിരുന്നു. എന്നാൽ പിന്നീട് പ്രസിഡന്റ്‌ ബർതോമ്യു കാര്യങ്ങളെ വേഗത്തിൽ കൈകാര്യം ചെയ്യുകയായിരുന്നു. അഞ്ച് വർഷത്തെ പുതിയ കരാറിൽ ആയിരിക്കും താരം ഒപ്പുവെക്കുക.

നിലവിൽ 2022 വരെയാണ് ഈ ജർമ്മൻ ഗോൾകീപ്പർക്ക്‌ ബാഴ്സയുമായി കരാറുള്ളത്. ഇത് 2025 വരെ നീട്ടാനാണ് ബാഴ്‌സയും താരവും ഉദ്ദേശിക്കുന്നത്. അതേസമയം വമ്പൻ സാലറിയും താരം ആവിശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരമാവണം എന്നാണ് താരത്തിന്റെ ആഗ്രഹം. ഏതായാലും ക്ലബ് താരവുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഈ സീസണിൽ ചെൽസി താരത്തെ എത്തിക്കാൻ വേണ്ടി നീക്കങ്ങൾ നടത്തിയിരുന്നു. കെപയെ വെച്ചുകൊണ്ട് ഒരു സ്വാപ് ഡീലിനായിരുന്നു ചെൽസിയുടെ നീക്കം. എന്നാൽ ടെർ സ്റ്റീഗൻ തന്നെ ഇത് നിരസിക്കുകയായിരുന്നു. 28-കാരനായ താരം 2014-ലായിരുന്നു ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് ബാഴ്‌സയിൽ എത്തിയത്. കേവലം 12 മില്യൺ യൂറോയാണ് ബാഴ്സ താരത്തിനായി മുടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *