പരിശീലനം ആരംഭിച്ച് റിച്ചാർലീസൺ, ടിറ്റെക്ക്‌ ആശ്വാസം !

ബ്രസീലിയൻ സൂപ്പർ സ്‌ട്രൈക്കർ റിച്ചാർലീസൺ പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ചു. ഇന്നലെയാണ് താരം ബ്രസീലിന്റെ പരിശീലനമൈതാനമായ ഗ്രാഞ്ച കൊമേറിയിൽ എത്തി പരിശീലനം ആരംഭിച്ചത്. എന്നാൽ താരം ടീമിനോടൊപ്പം പരിശീലനം നടത്തിയിട്ടില്ല. തനിച്ചാണ് പരിശീലനത്തിലേർപ്പെട്ടത്. തുടർന്ന് കുറച്ചു സമയം ജിമ്മിലും ചിലവഴിച്ചു. താരത്തിന്റെ ലെഫ്റ്റ് ആങ്കിളിനായിരുന്നു പരിക്കേറ്റിരുന്നത്. പ്രീമിയർ ലീഗ് ക്ലബായ എവർട്ടണ് വേണ്ടിയുള്ള മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റിരുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച ടീമിനൊപ്പം ചേർന്ന താരത്തിന്റെ ആദ്യ പരിശീലനമായിരുന്നു ഇത്.താരത്തിന് നിലവിൽ കുഴപ്പങ്ങളൊന്നുമില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇനി ബ്രസീലിയൻ ടീമിന്റെ പരിശീലനം സാവോ പോളോയിലാണ്. നിയോ ക്യുമിക്ക അരീനയിൽ വെച്ചാണ് ഇനി പരിശീലനം നടത്തുക. ആദ്യ മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ നേരിടുന്നത്. രണ്ടാമത്തെ മത്സരത്തിൽ പെറുവിനെ അവരുടെ മൈതാനത്ത് വെച്ച് നേരിടും. റിച്ചാർലീസണിന്റെ അഭാവത്തിലും ഒരു സാധ്യത ഇലവനെ പരിശീലകൻ ടിറ്റെ കണ്ടെത്തിയിരുന്നു. ഗോൾകീപ്പർ ആരാവുമെന്ന് ഇതുവരെ ടിറ്റെ തീരുമാനിച്ചിട്ടില്ല. എഡേഴ്‌സൺ തന്നെയാവാനാണ് സാധ്യത. കൂടാതെ പ്രതിരോധനിരയിൽ ഡാനിലോ, മാർക്കിഞ്ഞോസ്, തിയാഗോ സിൽവ, റെനാൻ ലോദി എന്നിവരാണ് അണിനിരക്കുക. മധ്യനിരയിൽ കാസമിറോ, ബ്രൂണോ ഗിമിറസ് എന്നിവരായിരിക്കും ബൂട്ടണിയുക. കൂടാതെ മുന്നേറ്റനിരയിൽ എവെർട്ടൻ സെബോളിഞ്ഞ, ഫിലിപ്പെ കൂട്ടീഞ്ഞോ, നെയ്മർ, റോബർട്ടോ ഫിർമിഞ്ഞോ എന്നിവരാണ് ഉണ്ടാവുക. 4-2-3-1 എന്ന ശൈലിയായിരിക്കും ടിറ്റെ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *