നെയ്മർക്കും എംബാപ്പെക്കും കൂട്ടായി ഇറ്റാലിയൻ സൂപ്പർ സ്‌ട്രൈക്കർ പിഎസ്ജിയിൽ !

സൂപ്പർ താരങ്ങളായ നെയ്മർക്കും എംബാപ്പെക്കും കൂട്ടായി ഇറ്റാലിയൻ യുവസ്ട്രൈക്കർ മോയ്സെ കീൻ പിഎസ്ജിയിലെത്തി. ഇന്നലെയാണ് താരത്തെ ഔദ്യോഗികമായി സൈൻ ചെയ്ത കാര്യം പിഎസ്ജി അറിയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ എവർട്ടണിൽ നിന്നാണ് താരം ഒരു വർഷത്തെ ലോണിൽ പിഎസ്ജിയിൽ എത്തിയത്. യുവന്റസിന്റെ വെല്ലുവിളിയെ മറികടന്നാണ് പിഎസ്ജി ഈ ഇരുപതുകാരനായ താരത്തെ ലോണിൽ എത്തിച്ചത്. എന്നാൽ താരത്തെ വാങ്ങാനുള്ള ഓപ്ഷൻ എവർട്ടൺ നൽകിയിട്ടില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു യുവന്റസ് താരത്തെ എവർട്ടണ് വിറ്റത്. 27.5 മില്യൺ യൂറോക്കായിരുന്നു താരത്തെ യുവന്റസ് വിറ്റത്. എന്നാൽ ഗൂഡിസൺ പാർക്കിൽ താരത്തിന് തിളങ്ങാനായില്ല. തുടർന്ന് താരത്തെ ലോണിൽ വിടാൻ എവർട്ടൺ തീരുമാനിക്കുകയായിരുന്നു.

തന്നെ പിഎസ്ജിയിൽ എത്തിക്കാൻ സഹായിച്ചത് ഇറ്റാലിയൻ താരങ്ങളായ മാർക്കോ വെറാറ്റിയും ഫ്ലോറെൻസിയുമാണെന്ന് കീൻ പറഞ്ഞു. ” ഞാൻ പിഎസ്ജിയിൽ എത്താൻ കാരണം ഇതൊരു വലിയ ക്ലബാണ്. ഒരുപാട് കിരീടങ്ങൾ നേടാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ലീഗ് വൺ മികച്ച ലീഗ് ആയതും ഞാൻ ഇവിടെ എത്താനുള്ള കാരണങ്ങളിൽ ഒന്നാണ്. ഒട്ടേറെ മികച്ച താരങ്ങൾ ഇവിടെ കളിക്കുന്നുണ്ട്. അവരിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവിടെയുള്ള പല താരങ്ങളും എന്നെക്കാളും പരിചയസമ്പന്നത ഉള്ളവരാണ്. എനിക്ക് കളിക്കാൻ അവസരം ലഭിച്ചാൽ എന്റെ പരമാവധി ഞാൻ ക്ലബ്ബിന് നൽകും. ഞാൻ മാർക്കോ വെറാറ്റിയോടും ഫ്ലോറെൻസിയോടും സംസാരിച്ചിരുന്നു. അവരാണ് എന്നെ ഇവിടെ എത്താൻ സഹായിച്ചത് ” കീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *