കേവലം അഞ്ച് മത്സരങ്ങൾക്കൊണ്ട് കഴിഞ്ഞ സീസണിലെ ഇരട്ടിഗോൾപങ്കാളിത്തം, ഉജ്ജ്വലഫോമിൽ ഹാമിഷ് റോഡ്രിഗസ് !

റയൽ മാഡ്രിഡിൽ നിന്നും എവർട്ടണിൽ എത്തിയ ശേഷം ഹാമിഷ് റോഡ്രിഗസ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ഈ പ്രീമിയർ ലീഗിൽ എവർട്ടൺ നടത്തുന്ന കുതിപ്പിൽ മുഖ്യപങ്കു വഹിക്കുന്നത് റോഡ്രിഗസ് ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇന്നലെ നടന്ന മത്സരത്തിലും റോഡ്രിഗസിന്റെ മികവിലാണ് എവർട്ടൺ വിജയിച്ചു കയറിയത്. 4-2 എന്ന സ്കോറിന് ബ്രയിറ്റണെ തകർത്തപ്പോൾ രണ്ട് ഗോളും ഒരു അസിസ്റ്റും താരത്തിന്റെ വകയായിരുന്നു. ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റോഡ്രിഗസ് നേടിയത്. അതായത് ആറു ഗോൾ പങ്കാളിത്തം. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി നേടിയ ഗോൾപങ്കാളിത്തത്തിന്റെ ഇരട്ടിപങ്കാളിത്തമാണ് ഈ അഞ്ച് മത്സരങ്ങൾ കൊണ്ട് ഹാമിഷ് റോഡ്രിഗസ് വഹിച്ചത്.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി പതിനാലു മത്സരങ്ങളിലാണ് റോഡ്രിഗസ് ബൂട്ടണിഞ്ഞത്.ഈ മത്സരങ്ങളിൽ നിന്നായി ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമേ താരത്തിന് നേടാൻ കഴിഞ്ഞൊള്ളൂ. അതായത് കേവലം മൂന്ന് ഗോൾപങ്കാളിത്തം മാത്രം. 2019 മാർച്ചിന് ശേഷം ഇതാദ്യമായാണ് രണ്ടോ അതിലധികമോ ഗോൾ റോഡ്രിഗസ് കണ്ടെത്തുന്നത്. 2019-ൽ ബയേൺ മ്യൂണിക്കിന് വേണ്ടി മെയിൻസിനെതിരെ ഹാട്രിക് നേടിയതായിരുന്നു ഇതിന് മുമ്പത്തെ നേട്ടം. ഏതായാലും താരത്തിന്റെ വരവ് എവർട്ടണ് പുതിയ ഊർജ്ജമാണ് പകർന്നിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് നാലിലും വിജയിക്കാൻ എവർട്ടണ് കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ട് പോയിന്റോടെ എവർട്ടൺ ആണ് പ്രീമിയർ ലീഗിൽ ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *