ക്രൂസിനും ഹസാർഡിനും പിന്നാലെ മറ്റൊരു പ്രമുഖതാരത്തിനും പരിക്ക്, സിദാൻ പ്രതിസന്ധിയിൽ !

പരിക്കുകൾ റയൽ മാഡ്രിഡിനും പരിശീലകൻ സിനദിൻ സിദാനും തലവേദന സൃഷ്ടിക്കുകയാണ്. ഈ സീസണിൽ തുടക്കത്തിൽ തന്നെ ഹസാർഡ്, മാഴ്‌സെലോ, അസെൻസിയോ എന്നിവരെ പരിക്ക് മൂലം റയലിന് നഷ്ടമായിരുന്നു. തുടർന്ന് മധ്യനിര താരം ടോണി ക്രൂസിനും പരിക്കേറ്റു. രണ്ടാഴ്ച്ച വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതിന് ശേഷം തിരിച്ചു വരാൻ ഒരുങ്ങി നിൽക്കുകയായിരുന്ന ഈഡൻ ഹസാർഡിന് വീണ്ടും പരിക്കേറ്റു. ഒരു മാസത്തോളം താരത്തിന് നഷ്ടമാവും എന്നാണ് കണക്കുക്കൂട്ടുന്നത്. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി റയൽ മാഡ്രിഡിന് നഷ്ടമായിരിക്കുകയാണിപ്പോൾ. പ്രതിരോധനിര താരം ഡാനി കാർവഹലിനെയാണ് റയലിന് നഷ്ടമായിരിക്കുന്നത്. താരത്തിന്റെ പരിക്ക് റയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

താരത്തിന്റെ വലതു കാൽമുട്ടിന് ലിഗ്മന്റ് ഇഞ്ചുറി എന്നാണ് റയൽ അറിയിച്ചിരിക്കുന്നത്. അടുത്ത കുറച്ചു ആഴ്ച്ചകൾ താരം എന്തായാലും പുറത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. പ്രമുഖതാരങ്ങൾക്കെല്ലാം പരിക്കേറ്റത് സിദാന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഏതായാലും കാർവഹലിന് പകരമായി ഉപയോഗിക്കാൻ ഒരുപിടി താരങ്ങൾ സിദാന്റെ പക്കലുണ്ട്. അൽവാരോ ഓഡ്രിയോസോള, നാച്ചോ ഫെർണാണ്ടസ്, ലുക്കാസ് വാസ്‌ക്കസ് എന്നിവരെയെല്ലാം സിദാന് ലഭ്യമാണ്. റൈറ്റ് ബാക്ക് പൊസിഷൻ ആയത് കൊണ്ട് ഓഡ്രിയോസോളക്ക് നറുക്ക് വീഴാനാണ് ചാൻസ്. എന്നിരുന്നാലും നാച്ചോയും മികച്ച താരമാണ്. കൂടാതെ ലുക്കാസ് വാസ്ക്കാസാവട്ടെ ഒട്ടുമിക്ക പൊസിഷനിലും കളിപ്പിക്കാൻ പറ്റിയ താരവുമാണ്. ഏതായാലും കർവഹലിന്റെ സ്ഥാനത്തേക്ക് ഓഡ്രിയോസോള തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ബയേണിന് വേണ്ടി കളിച്ച താരമാണ് ഓഡ്രിയോസോള.

Leave a Reply

Your email address will not be published. Required fields are marked *