എല്ലാ കിരീടങ്ങളും നേടുക എന്നുള്ളതാണ് റയൽ മാഡ്രിഡിന്റെ എപ്പോഴുമുള്ള ലക്ഷ്യമെന്ന് റാമോസ് !

പുതിയ സീസൺ തുടങ്ങാനിരിക്കെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ്. ഈ വർഷവും കിരീടങ്ങൾ നേടുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് റാമോസ് പുതിയ സീസണിന് തുടക്കമിടാൻ ഒരുങ്ങുന്നത്. നാളെയാണ് റയൽ മാഡ്രിഡ്‌ ലാലിഗയിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 12:30 ന് നടക്കുന്ന മത്സരത്തിൽ റയൽ സോസിഡാഡാണ് റയലിന്റെ എതിരാളികൾ. അതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡിന്റെ കപ്പിത്താൻ. നിലവിലെ ലാലിഗ ചാമ്പ്യൻമാർ റയൽ മാഡ്രിഡ്‌ ആണ്. ആ കിരീടം നിലനിർത്താൻ തന്നെയാണ് റയൽ കച്ചക്കെട്ടി ഇറങ്ങിത്തിരിക്കുന്നത്. അതേ സമയം ചിരവൈരികളായ ബാഴ്‌സ സെപ്റ്റംബർ 27-നാണ് ആദ്യ മത്സരം കളിക്കുക.

” പുതിയൊരു സീസൺ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഞങ്ങൾ ലീഗ് കിരീടവും സൂപ്പർ കപ്പും നേടി. പക്ഷെ ഫുട്‍ബോളിൽ നിങ്ങൾക്ക് എപ്പോഴും ഭൂതകാലത്തിൽ ജീവിക്കാൻ കഴിയില്ല. ഞങ്ങൾ മുന്നേറാൻ തന്നെയാണ് നോക്കുന്നത്. ബുദ്ദിമുട്ടേറിയ ഒരു പ്രീ സീസൺ ആയിരുന്നു ഇത്. ഈ പ്രത്യേകസാഹചര്യത്തിലും ഞങ്ങൾ നല്ല പോലെ കഠിനാദ്ധ്യാനം ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡ്‌ എപ്പോഴും ആഗ്രഹിക്കുന്നത് എല്ലാ കിരീടങ്ങളും നേടണം എന്ന് തന്നെയാണ്. ഈ വർഷവും അത്‌ തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതും. ശാരീരികപരമായി ഞാൻ സന്തോഷവാനാണ്. ഞാൻ കഠിനമായി പ്രവർത്തിച്ചിരുന്നു. ആവിശ്യത്തിന് വിശ്രമവും ഭക്ഷണവുമായി ഞാൻ ശാരീരികക്ഷമത നിലനിർത്തിയിട്ടുണ്ട്. വളരെയധികം സന്തോഷത്തോടെയാണ് ഞാനിവിടെ ഉള്ളത്. കിരീടനേട്ടം തന്നെയാണ് ലക്ഷ്യം. പക്ഷെ ലക്ഷ്യത്തിലേക്ക് പതിയെ സഞ്ചരിക്കാൻ മാത്രമേ സാധ്യമാവുകയൊള്ളൂ. നല്ല രീതിയിലൂടെയും നല്ല താളത്തോടെയും ഈ സീസൺ മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ” റാമോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *