ബാഴ്‌സ ശരിക്കും സെറ്റിയനെ പുറത്താക്കി, ഇനി കൂമാൻ തന്നെ !

ലാലിഗയിൽ നടക്കുന്ന എഫ്സി ബാഴ്‌സലോണയുടെ ആദ്യ മത്സരത്തിൽ പരിശീലകൻ റൊണാൾഡ് കൂമാൻ പുറത്തിരിക്കേണ്ടി വരുമെന്നുള്ള വാർത്തകൾ ഇന്നലെ പുറത്ത് വിട്ടത് ഒരു പ്രമുഖ സ്പാനിഷ് മാധ്യമമായിരുന്നു. നിലവിൽ നിയമപ്രകാരം ബാഴ്‌സയുടെ പരിശീലകസ്ഥാനത്ത് സെറ്റിയൻ തന്നെയാണെന്നും സെറ്റിയനെ പുറത്താക്കിയതിന്റെയും കൂമാനെ നിയമിച്ചതിന്റെയും പേപ്പർ വർക്കുകൾ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനിൽ പൂർത്തിയാവാത്തതിന്റെയും ഫലമായാണ് ഇങ്ങനെ സംഭവിച്ചതെന്നും സ്പാനിഷ് മാധ്യമം റിപ്പോർട്ട്‌ ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യം ബാഴ്സ തന്നെ പരിഹരിച്ചിട്ടുണ്ട്. സെറ്റിയനെ ഔദ്യോഗികമായി തന്നെ പുറത്താക്കിയതിന്റെ നടപടിക്രമങ്ങൾ ഇന്നലെ ബാഴ്സ പൂർത്തിയാക്കുകയായിരുന്നു. ഇതിനാൽ തന്നെ കൂമാന് തൽസ്ഥാനത്ത് തുടരാം.

ഈ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സെറ്റിയനെ പുറത്താക്കിയ വിവരം ബാഴ്സ ഒഫീഷ്യൽ ചാനലുകൾ വഴി പുറത്തറിയിച്ചത്. തുടർന്ന് റൊണാൾഡ് കൂമാനെ ബാഴ്‌സ പരിശീലകനായി നിയമിക്കുകയും ചെയ്തു. തുടർന്ന് സെറ്റിയൻ ക്ലബ്ബിന് ബറോഫാക്സ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സെറ്റിയനെ അദ്ദേഹത്തിന്റെ ചുമതലകളിൽ നിന്ന് മാറ്റി എന്നല്ലാതെ ഔദ്യോഗികമായി അദ്ദേഹം തന്നെയായിരുന്നു ഇതുവരെ ബാഴ്‌സയുടെ പരിശീലകൻ പക്ഷെ ഇന്നലെയാണ് ബാഴ്‌സ ഈ പ്രശ്നം പരിഹരിച്ചത്.ഇതോടെ ഇതുവരെ സെറ്റിയൻ ജോലി ചെയ്തതിന്റെ സാലറി അദ്ദേഹത്തിന് ലഭിക്കും. എന്നാൽ അദ്ദേഹത്തിന്റെ കരാറിൽ ബാക്കിയുള്ള വർഷത്തിന്റെ തുക ബാഴ്‌സ നൽകാൻ തയ്യാറാവില്ല. കേവലം 25 മത്സരങ്ങൾ മാത്രമാണ് സെറ്റിയൻ ബാഴ്സയെ പരിശീലിപ്പിച്ചത്. ഇതിൽ 16 മത്സരത്തിൽ വിജയിച്ചപ്പോൾ 4 മത്സരങ്ങൾ സമനിലയാവുകയും അഞ്ചെണ്ണത്തിൽ തോൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *