മത്സരം പൂർത്തിയാവും മുമ്പേ സ്ഥലം വിട്ടു, ഹസാർഡിനും ബെയ്‌ലിനും രൂക്ഷവിമർശനം !

റയൽ മാഡ്രിഡിനോടുള്ള ആത്മാർത്ഥ കുറവ് കൊണ്ട് ഈയിടെയായി പുലിവാല് പിടിക്കുന്ന രണ്ട് താരങ്ങളാണ് ഗാരെത് ബെയ്‌ലും ഈഡൻ ഹസാർഡും. കഴിഞ്ഞ സീസണിൽ സൈഡ് ബെഞ്ചിൽ ഇരുന്ന് കൊണ്ട് ബെയ്ൽ കാണിച്ചു കൂട്ടിയ അനിഷ്ടസംഭവങ്ങൾ വളരെ വലിയ തോതിൽ വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ താരം റയലിനെതിരെ പരസ്യമായി വിമർശനം ഉയർത്തുകയും ചെയ്തു. അതേ സമയം ഈഡൻ ഹസാർഡിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. കളിക്കാൻ അവസരം ലഭിക്കില്ല എന്നറിഞ്ഞിട്ടും റയലിനൊപ്പം ചേരാതെ ബെൽജിയത്തിനോടൊപ്പം തുടർന്നത് താരത്തിനും വിമർശനങ്ങൾ ഏൽക്കാൻ കാരണമായിരുന്നു. എന്നാലിപ്പോൾ പുതിയൊരു പ്രവർത്തി കൂടി ഇരുവരെയും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന റയലിന്റെ പരിശീലനമത്സരത്തിനിടെ ഇരുതാരങ്ങളും സ്ഥലം വിട്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഇന്നലെ റയലിന്റെ പരിശീലനമൈതാനമായ വാൽഡെബെബാസിൽ ഗെറ്റാഫെക്കെതിരെയായിരുന്നു റയൽ പരിശീലനമത്സരം കളിച്ചത്. ലീഗിൽ സോസിഡാഡിനെതിരെ കളിക്കുന്നതിന് മുന്നോടിയായി ഒരു പരിശീലനം എന്ന രൂപത്തിലാണ് മത്സരം നടത്തിയത്. ആറു ഗോളിനാണ് റയൽ വിജയിച്ചത്. ബെൻസിമ നാലു ഗോളുകളും റാമോസ്, അരിബാസ് എന്നിവർ ഓരോ ഗോളുകളും നേടി. എന്നാൽ ബെയ്ൽ, ഹസാർഡ് എന്നിവർക്ക് ഫിറ്റ്നസ് പ്രോബ്ലം കൊണ്ട് കളിക്കാൻ അവസരം ലഭിച്ചില്ലായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ ബെയ്ൽ സ്ഥലം കാലിയാക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിക്ക് ശേഷം ഹസാർഡും മത്സരം കാണാൻ നിക്കാതെ സ്ഥലം വിടുകയായിരുന്നു. ഇരുവരുടെയും ഈ പ്രവർത്തി വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മാന്യതക്ക് നിരക്കാത്ത പ്രവർത്തിയാണ് ഇരുവരും ചെയ്തത് എന്നാണ് പലരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *