ഡീപ്പേ ട്രാൻസ്ഫറിൽ വഴിത്തിരിവ്, സൈൻ ചെയ്യാൻ ബാഴ്സയുടെ പക്കൽ പണമില്ലെന്ന് ലിയോൺ പ്രസിഡന്റ്‌ !

ഇന്നലെയായിരുന്നു ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡീപ്പേയെ ബാഴ്സലോണ അനൗദ്യോഗികമായി ടീമിൽ എത്തിച്ചു എന്ന വാർത്തകൾ പരന്നിരുന്നത്. ഡച്ച് ന്യൂസ്‌പേപ്പറായ ടെലിഗ്രാഫ് ആയിരുന്നു ഈ വാർത്ത പുറത്ത് വിട്ടത്. തുടർന്ന് എല്ലാ മാധ്യമങ്ങളും ബാഴ്സ ഡീപ്പേയുമായി കരാറിൽ എത്തിയതായും ഈ ആഴ്ച്ച താരം ബാഴ്സയിൽ എത്തുമെന്നും 25-30 മില്യൺ ഡോളറുകൾക്കിടയിലാണ് ട്രാൻസ്ഫർ തുകയെന്നുമാണ് റിപ്പോർട്ട്‌ ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യത്തിലിപ്പോൾ നിർണായകമായ വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. അങ്ങനെയൊരു കരാർ നടന്നിട്ടില്ലെന്നും സത്യത്തിൽ ഡീപ്പേ സൈൻ ചെയ്യാൻ ആവിശ്യമായ പണം ബാഴ്സയുടെ പക്കൽ ഇല്ല എന്നും അറിയിച്ചിരിക്കുകയാണിപ്പോൾ ലിയോൺ പ്രസിഡന്റ്‌ ആയ ജീൻ മിഷേൽ ഓലാസ്. ട്വിറ്റെർ സന്ദേശത്തിലൂടെ ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു തങ്ങളുടെ പക്കൽ താരത്തെ എത്തിക്കാനുള്ള പണമില്ലെന്ന് തന്നെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

” കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികപരമായി തങ്ങൾ ഒരുപാട് ബുദ്ദിമുട്ടിലാണെന്ന് ബാഴ്സ പ്രസിഡന്റ്‌ എന്നോട് കഴിഞ്ഞ ഞായറാഴ്ച്ച സൂചിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ അവർക്കിപ്പോൾ താരത്തിന് വേണ്ടി ഒരു ഓഫർ ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം എന്നെ അറിയിച്ചു ” ഇതായിരുന്നു ലിയോൺ പ്രസിഡന്റ്‌ കുറിച്ചത്. ഇതോടെ ആരാധകരുടെ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയിരിക്കുകയാണ്. സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ഇനി ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. താരം ഇന്ററിൽ തന്നെ തുടരുമെന്ന് താരത്തിന്റെ ഏജന്റ് പറഞ്ഞിരുന്നു. കോവിഡ് പ്രശ്നം സാമ്പത്തികപരമായി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ് ബാഴ്സയാണ്. അവരുടെ വരുമാനത്തിന്റെ മുപ്പതു ശതമാനമാണ് കോവിഡ് പ്രശ്നം മൂലം കുറവ് വന്നത്. മുന്നൂറ് മില്യൺ യുറോയോളം ബാഴ്സക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ഡീപ്പേ ബാഴ്‌സയിൽ എത്തിക്കൽ ബുദ്ദിമുട്ടാവും. ലിയോണിന് വേണ്ടി 103 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടിയ താരമാണ് ഡീപ്പേ.

Leave a Reply

Your email address will not be published. Required fields are marked *