ലിയോണുമായി ബാഴ്സ കരാറിലെത്തി, ഡീപേ ഈ ആഴ്ച്ച ബാഴ്സയിലെത്തും !

ഡച്ച് സൂപ്പർ താരം മെംഫിസ് ഡീപേ ഈ ആഴ്ച്ച എഫ്സി ബാഴ്സലോണയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ കാര്യത്തിൽ ബാഴ്സയും ലിയോണും തമ്മിൽ കരാർ എത്തിയതായും ഈ ആഴ്ച്ച അവസാനം താരം എഫ്സി ബാഴ്സലോണയിൽ എത്തുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഡച്ച് മാധ്യമമായ ടെലിഗ്രാഫിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ട്രാൻസ്ഫർ ഫീ ആയി ഇരുപത്തിയഞ്ച് മില്യൺ യുറോയും കൂടാതെ അഞ്ച് മില്യൺ യുറോ ആഡ് ഓൺസുമായാണ് നിശ്ചയിച്ചിരിക്കുന്നത്. മെംഫിസ് ഡീപേ ഇനി മെസ്സിയുടെ കൂടെ കളിക്കും എന്നാണ് ഡച്ച് ന്യൂസ്‌പേപ്പർ എഴുതിയിരിക്കുന്നത്. നിലവിൽ 2021 വരെ താരത്തിന് ലിയോണുമായി കരാർ ഉണ്ടെങ്കിലും താരത്തിന് ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള അതിയായ ആഗ്രഹം മൂലം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. കരാർ പുതുക്കാനുള്ള ലിയോണിന്റെ അവസാനശ്രമവും താരം നിരസിച്ചിരുന്നു.

ഇതോടെ ക്ലബ് താരത്തെ വിട്ടയക്കാൻ നിർബന്ധിതരാവുകയായിരുന്നു. മുൻ ഡച്ച് പരിശീലകനായിരുന്ന റൊണാൾഡ് കൂമാന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഡീപേയെ ബാഴ്സ ക്ലബ്ബിൽ എത്തിക്കുന്നത്. ക്ലബ് വിടാൻ നിൽക്കുന്ന ലൂയിസ് സുവാരസിന്റെ വിടവിലേക്കാണ് ഡീപേയെ ബാഴ്‌സ പരിഗണിക്കുന്നത്. ഏറെ കാലമായി നോട്ടമിട്ട ലൗറ്ററോ മാർട്ടിനെസിനെ ക്ലബ്ബിൽ എത്തിക്കാൻ ബാഴ്സ വീണ്ടും ശ്രമിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടർന്നാണ് ബാഴ്സ ഡീപേയിലേക്ക് ശ്രദ്ധ തിരിച്ചത്. പരിശീലകൻ കൂമാന് ലൗറ്ററോയെക്കാൾ കൂടുതൽ താല്പര്യം ഡീപേയോട് ആയിരുന്നു.ഇരുപത്തിയാറുകാരനായ താരത്തിന്റെ ബാഴ്സക്ക് ഊർജ്ജമാവുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരം കൂടുമാറിയിരുന്നുവെങ്കിലും അവിടെ തിളങ്ങാനാവാതെ വന്നതോടെ താരം ലിയോണിലേക്ക് എത്തുകയായിരുന്നു. നിലവിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിക്കേറ്റ് കൂടുതൽ മത്സരങ്ങളിലും താരം പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *