കൂമാന്റെ ബാഴ്സ, സാധ്യത ലൈനപ്പ് ഇങ്ങനെ !

എഫ്സി ബാഴ്സലോണ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സീസൺ കൂടിയാണ് ഈ വരാൻ പോകുന്ന സീസൺ. കാരണം മറ്റൊന്നുമല്ല, തകർന്നടിഞ്ഞ ഒരു ടീം പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ എങ്ങനെ ഉയർത്തെഴുന്നേൽക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത് ആരാധകർക്ക് ആശ്വാസം പകരുന്ന ഒന്നാണ്. പുതിയ താരങ്ങളെയൊന്നും ബാഴ്സ ഇതുവരെ എത്തിച്ചിട്ടില്ലെങ്കിലും ടീമിൽ അഴിച്ചു പണികൾ കൂമാൻ നടത്തി കഴിഞ്ഞിട്ടുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ ഒരു സാധ്യത ലൈനപ്പ് പ്രമുഖ മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. മുമ്പ് സെറ്റിയനും വാൽവെർദെയുമൊക്കെ 4-3-3 ശൈലിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും കൂമാൻ ഒന്ന് മാറ്റിപ്പിടിക്കാൻ സാധ്യതയുണ്ട് എന്നാണ് മാർക്ക പറയുന്നത്. അതായത് 4-2-3-1 എന്ന ശൈലിയായിരിക്കും കൂമാൻ പ്രയോഗിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. അതായത് കൂടുതൽ ആക്രമണാത്മകമായ രീതിയിൽ ആയിരിക്കും കൂമാൻ തന്ത്രങ്ങൾ മെനയുക.

മധ്യനിരയിൽ സമ്മർദ്ദം ചെലുത്തി ബോൾ പിടിച്ചെടുത്ത് ഉടനടി ആക്രമണം നടത്തുന്ന രീതിയാണ് കൂമാൻ അവലംബിക്കുക എന്നാണ് മാർക്ക പറയുന്നത്. അത്‌ കൊണ്ട് തന്നെ ബാഴ്സയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ ആയി വരും. ഗോൾ കീപ്പറായി മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗൻ തന്നെയാണ് ഉണ്ടാവുക. ഫുൾ ബാക്കുമാരായി ജോർദി ആൽബയും നെൽസൺ സെമെഡോയുമാണ് പരിഗണിക്കപ്പെടുക എന്നാണ് അറിയാൻ കഴിയുന്നത്. സെന്റർ ബാക്കുമാരായി ജെറാർഡ് പിക്വേയും ക്ലമന്റ് ലെങ്ലെറ്റും അണിനിരക്കും. സാമുവൽ ഉംറ്റിറ്റിക്ക് കൂമാന്റെ കീഴിൽ സ്ഥാനമില്ല എന്നാണ് വ്യക്തമാവുന്നത്. പിന്നീട് രണ്ട് മധ്യനിര താരങ്ങളെയാണ് കൂമാൻ നിയമിക്കുക. ഫ്രങ്കി ഡിജോങ്, പുതുതായി വരുന്ന മിറാലെം പ്യാനിക്ക് എന്നിവരാണ് ഉൾപ്പെടുക.

അതേ സമയം പ്യാനിക്കിന്റെ സ്ഥാനത്തേക്ക് ഫിലിപ്പെ കൂട്ടീഞ്ഞോ, ട്രാൻസ്ഫർ സാധ്യമായാൽ വൈനാൾഡം എന്നിവരും പരിഗണിക്കപ്പെട്ടേക്കും. മുന്നേറ്റനിരയിൽ മൂന്നു താരങ്ങൾ അണിനിരക്കും. അൻസു ഫാറ്റിയും ഉസ്മാൻ ഡെംബലെയും ഇരുവശങ്ങളിലും അണിനിരക്കും എന്നാണ് അറിയാൻ കഴിയുന്നത്. സൂപ്പർ താരം ലയണൽ മെസ്സി മധ്യത്തിലും നിയോഗിക്കപ്പെടും. ഇനി ഗോളടി ചുമതല അന്റോയിൻ ഗ്രീസ്‌മാനെ ഏല്പിക്കപ്പെടും. ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിൽ എത്തിയാൽ താരത്തെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. ഇതാണ് മാർക്ക പുറത്തിറക്കിയ സാധ്യത ഇലവൻ.

Leave a Reply

Your email address will not be published. Required fields are marked *