ഒഫീഷ്യൽ : സാൻഡ്രോ ടോണാലിയെ എസി മിലാൻ സ്വന്തമാക്കി.

ബ്രെസിയയുടെ ഇറ്റാലിയൻ വണ്ടർ കിഡ് സാൻഡ്രോ ടോണാലിയെ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ സ്വന്തമാക്കി. ഇന്നലെയാണ് എസി മിലാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടക്കം ലോണടിസ്ഥാനത്തിലാണെങ്കിലും പിന്നീട് ബൈ ഓപ്ഷൻ ബ്രെസിയ അനുവദിച്ചിട്ടുണ്ട്. ലോൺ ഫീയും ബൈ ഫീയും ആഡ് ഓൺസുമായി ഏകദേശം മുപ്പത് മില്യൺ യുറോക്ക് മുകളിലാണ് താരത്തിന് വേണ്ടി മിലാൻ ചിലവഴിക്കേണ്ടി വരിക. അഞ്ച് വർഷത്തെ കരാറിലാണ് താരം മിലാനുമായി ധാരണയിൽ എത്തിയിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ ഇറ്റലിയിലെ മറ്റൊരു വമ്പൻമാരായ ഇന്റർമിലാൻ രംഗത്തുണ്ടായിരുന്നുവെങ്കിലും സാൻഡ്രോക്ക് താല്പര്യം എസി മിലാൻ ആയിരുന്നു. ഇരുപതുകാരനായ താരം എസി മിലാന്റെ കടുത്ത ആരാധകനാണ്. മിലാനിൽ എട്ടാം നമ്പർ ജേഴ്സിയായിരിക്കും താരം അണിയുക. ഇറ്റലിക്ക് വേണ്ടി മൂന്ന് മത്സരങ്ങൾ ഇതുവരെ കളിക്കാൻ ഈ മിഡ്ഫീൽഡർക്ക് സാധിച്ചിട്ടുണ്ട്.

താരത്തെ സ്വാഗതം ചെയ്തു കൊണ്ട് എസി മിലാൻ സിഇഒ ആയ ഇവാൻ ഗാസിഡിസും ടെക്നിക്കൽ ഡയറക്ടർ ആയ പൌലോ മാൾഡിനിയും പ്രസ്താവനകൾ ഇറക്കി. ” എസി മിലാനിലേക്ക് സാൻഡ്രോ ടോണാലിയെ ഞങ്ങൾ ഹാർദവമായി സ്വാഗതം ചെയ്യുന്നു. ഇന്റർനാഷണൽ ഫുട്‍ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഈ ക്ലബ്ബിന്റെ മൂല്യങ്ങളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് സാൻഡ്രോ. ഒരുമിച്ചു മുന്നേറാൻ അദ്ദേഹം ഞങ്ങളെ സഹായിക്കും. സ്വാഗതം സാൻഡ്രോ ” ഇതായിരുന്നു മിലാൻ സിഇഒ പ്രസ്താവിച്ചത്. ” ഞങ്ങൾ സന്തോഷത്തോടെ റോസ്സോനേരി കുടുംബത്തിലേക്ക് സാൻഡ്രോയെ സ്വാഗതം ചെയ്യുന്നു. ടീമിന്റെ നല്ല ഭാവിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മികച്ച പ്രതിഭാപാടവമുള്ള ഒരു മിഡ്ഫീൽഡർ ആണ് അദ്ദേഹം. ക്ലബ്ബിന്റെ മൂല്യങ്ങളെ കുറിച്ച് നന്നായി അറിവുള്ള ആളാണ് അദ്ദേഹം ” പൌലോ മാൾഡിനി പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *