ചർച്ചകൾ അവസാനഘട്ടത്തിൽ, സുവാരസ് യുവന്റസിലേക്ക് തന്നെ !

സൂപ്പർ താരം ലൂയിസ് സുവാരസ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്ക് തന്നെയെന്ന് ഉറപ്പാവുന്നു. ബാഴ്സയും യുവന്റസും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ് എന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്. താരത്തിന്റെ ഇറ്റാലിയൻ പാസ്പോർട്ട്‌ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലുടൻ തന്നെ ഇരുക്ലബുകളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും സ്പോർട്ട് അറിയിക്കുന്നുണ്ട്. യുവന്റസുമായി സുവാരസ് കരാറിലെത്തിക്കഴിഞ്ഞിട്ടുണ്ട്. വളരെ സൗഹൃദപരമായ ചർച്ചകളാണ് ഇരുക്ലബുകൾക്കിടയിലും നടന്നതെന്ന് സ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. റാക്കിറ്റിച്ചിനോട്‌ സമമായ ട്രാൻസ്ഫർ ആയിരിക്കും സുവാരസിന്റെ കാര്യത്തിലും നടക്കുക. അതായത് കുറഞ്ഞ ട്രാൻസ്ഫർ ഫീ മാത്രമാണ് ബാഴ്സക്ക് യുവന്റസിൽ നിന്നും ലഭിക്കുകയൊള്ളൂ. തുടർന്ന് താരത്തിന്റെ പ്രകടനം അനുസരിച്ചുള്ള ആഡ് ഓൺസുകളാണ് ബാഴ്സക്ക് ലഭിക്കുക.

സുവാരസിന് മാന്യമായ ഒരു സാലറിയും ബാഴ്സക്ക് ചെറിയൊരു ട്രാൻസ്ഫർ ഫീയുമാണ് യുവന്റസ് ഓഫർ ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് യുവന്റസുമായി ഏർപ്പെട്ടിരിക്കുന്നത്. മറ്റൊരു വർഷത്തെ ഓപ്ഷൻ കൂടിയുണ്ട്. 6.5 മില്യൺ യുറോയാണ് താരത്തിന്റെ സാലറി. പിന്നെ ബോണസും കൂടി കൂട്ടിയാൽ ഒരു സീസണിൽ പത്ത് മില്യൺ യുറോ താരത്തിന് സമ്പാദിക്കാനാവും. നിലവിൽ ട്രാൻസ്ഫറിന് തടസ്സം നിൽക്കുന്നത് ഇറ്റാലിയൻ പാസ്പോർട്ട്‌ ഇല്ല എന്നതാണ്. പാസ്പോർട്ട്‌ ലഭിക്കണമെങ്കിൽ ബി വൺ എക്സാം പാസാവണം. ഇത് പൂർത്തിയായാൽ സുവാരസിന് ഇറ്റലിയിലേക്ക് പറക്കാം. സെപ്റ്റംബർ പതിനാറിനോ ഇരുപത്തിമൂന്നിനോ സുവാരസിന് ഈ ടെസ്റ്റ്‌ എടുക്കാമെന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *