സുവാരസിനെ ലഭിച്ചില്ലെങ്കിൽ പകരക്കാരനെ കണ്ടുവെച്ച് പിർലോ !

ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ ഒഴിവാക്കുന്ന താരങ്ങളിൽ ഒരാളാണ് ലൂയിസ് സുവാരസ്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം സുവാരസ് ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് യുവന്റസാണ്. എന്നാൽ മെസ്സി ക്ലബ്ബിൽ തുടരാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ സുവാരസ് തീരുമാനം മാറ്റിയേക്കും എന്നും വാർത്തകൾ ഉണ്ട്. അങ്ങനെ സുവാരസിനെ ലഭിക്കാതിരുന്നാൽ പകരക്കാരനെ കണ്ടുവെച്ചിരിക്കുകയാണ് യുവന്റസിന്റെ പുതിയ പരിശീലകൻ ആന്ദ്രേ പിർലോ. മുൻ യുവന്റസ് താരവും പിർലോയുടെ സഹതാരവുമായിരുന്ന സ്പാനിഷ് താരം അൽവാരോ മൊറാറ്റയെയാണ് പിർലോ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ അത്ലറ്റികോ മാഡ്രിഡിന്റെ താരമായ മൊറാറ്റയെ ക്ലബ് വിടുന്ന ഹിഗ്വയ്‌ന്റെ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. 2014 മുതൽ 2016വരെ യുവന്റസിൽ കളിച്ച താരമാണ് മൊറാറ്റ. 2015-ലായിരുന്നു പിർലോ യുവന്റസിന് വേണ്ടി അവസാനമായി കളിച്ചത്. ഈ രണ്ടുവർഷക്കാലയളവിൽ മൊറാറ്റ ക്ലബ്ബിന് വേണ്ടി 93 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിരുന്നു. ഈ താരത്തെ തിരികെ കൊണ്ടുവരാനായിരിക്കും പിർലോ ശ്രമിക്കുക.

2014-ൽ റയൽ മാഡ്രിഡിൽ നിന്ന് 15.8 മില്യൺ പൗണ്ടിനായിരുന്നു താരം യുവന്റസിൽ എത്തിയത്. രണ്ട് വർഷക്കാലം യുവന്റസിൽ ചിലവഴിച്ച താരം രണ്ട് സിരി എ കിരീടം ടീമിന് നേടികൊടുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ യുവന്റസിനെ എത്തിക്കുന്നതിലും മൊറാറ്റ പങ്കുവഹിച്ചിരുന്നു. തുടർന്ന് റയൽ മാഡ്രിഡിലേക്ക് മടങ്ങിയ താരം പിന്നീട് ചെൽസിയിലും ഒടുവിൽ അത്ലറ്റികോ മാഡ്രിഡിലും എത്തിച്ചേരുകയായിരുന്നു. നിലവിൽ 2023 വരെ അത്ലറ്റികോ മാഡ്രിഡുമായി താരത്തിന് കരാറുണ്ട്. 61 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും താരം അത്ലറ്റികോ മാഡ്രിഡിനായി താരം നേടിയിട്ടുണ്ട്. ഏതായാലും സുവാരസ് യുവന്റസിന്റെ വിളി നിരസിച്ചാൽ മൊറാറ്റയെ ടീമിൽ എത്തിക്കാൻ പിർലോ പണി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *